ലൂസേഴ്‌സ് ഫൈനല്‍
ക്രൊയേഷ്യ-മൊറോക്കൊ
വൈകു: 6.00
ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം
ദോഹ - ലോകകപ്പില്‍ ടീമുകള്‍ ഓരോ മത്സരത്തിനും കളത്തിലിറങ്ങുന്നത് കിരീടത്തിലേക്ക് മുന്നേറാം എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കിരീടമില്ല എന്നുറപ്പായ ടീമുകളുടെ പോരാട്ടമാണ് ലൂസേഴ്‌സ് ഫൈനല്‍. ഫൈനലിലെത്താമെന്ന സ്വപ്‌നം തകര്‍ന്ന ശേഷം ലൂസേഴ്‌സ് ഫൈനലിനായി ഇറങ്ങുകയെന്നത് കളിക്കാര്‍ക്ക് പലപ്പോഴും വലിയ ഭാരമാണ്. എന്നാല്‍ ക്രൊയേഷ്യയും മൊറോക്കോയും ഈ ലോകകപ്പില്‍ അഭിമാനപ്പോരാട്ടം നടത്തിയ ടീമുകളാണ്. അപ്രതീക്ഷിതമായി ഇത്ര ദൂരം താണ്ടിയെത്തിയ കളിക്കാരാണ്. അവര്‍ക്ക് മൂന്നാം സ്ഥാനവും അഭിമാനകരമായ നേട്ടമായിരിക്കും.
അര്‍ഥരഹിതമാണ് ലൂസേഴ്‌സ് ഫൈനല്‍ എന്ന ധാരണ തങ്ങള്‍ക്കില്ലെന്ന് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ക്രാമരിച് പറഞ്ഞു. മൊറോക്കൊ കളിക്കാരോട് ചോദിക്കുകയാണെങ്കിലും അവര്‍ ഇതേ ഉത്തരമാണ് നല്‍കുക. അവര്‍ ജീവന്മരണ പോരാട്ടം നടത്തുമെന്നുറപ്പാണ്. കാരണം ഒരു ലോകകപ്പ് മെഡല്‍ എന്നത് ഏതൊരു കളിക്കാരന്റെയും ജീവിതത്തിലെ അതുല്യമായ നേട്ടമാണ് -ക്രാമരിച് പറഞ്ഞു.
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കൊ സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ പ്രതിഭാസമ്പന്നമായ ടീമിനെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് കീഴടങ്ങിയത്. അവസാന വേളയില്‍ ഫ്രാന്‍സ് രണ്ടാം ഗോളടിക്കുന്നതു വരെ അവര്‍ മറുപടി ഗോളിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനക്കെതിരെ നന്നായി തുടങ്ങിയ ശേഷം ക്രൊയേഷ്യ മങ്ങിപ്പോയി.
'ക്രൊയേഷ്യന്‍ ടീമിലെ എട്ടു പേര്‍ 2018 ല്‍ ഫൈനല്‍ കളിച്ചവരാണ്. ഒരു ലോകകപ്പ് മെഡലിന്റെ വില അറിഞ്ഞവരാണ് ആ എട്ടു പേര്‍. ഇപ്പോഴത്തെ ടീമിലെ പലരും ചെറുപ്പമാണ്. ശിഷ്ടജീവിതകാലം മുഴുവന്‍ അഭിമാനത്തോടെ പറയാവുന്ന ഒരു മെഡലിനായി അവരും ദാഹിക്കുന്നുണ്ടാവും' -ക്രാമരിച് പറഞ്ഞു.