ന്യൂദൽഹി - ഗുജറാത്തിൽ കൂട്ടബലാത്‌സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന്റെ പുനപ്പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. കേസിൽ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി സമർപ്പിച്ചത്. ഇതാണ് സുപ്രിംകോടതി തള്ളിയത്. ഇതോടെ 11 പ്രതികൾക്കും ആശ്വാസമായി.
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ സ്വാതന്ത്യദിനത്തിൽ വിട്ടയച്ചിരുന്നത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് പിന്നീട് മുംബൈ ഹൈക്കോടതി ശരിവെച്ചിരുന്നു.
15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിഷൻ രൂപീകരിച്ച് ഇളവ് അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
അങ്ങനെ കേസിലെ 11 പ്രതികളെയും ജയിൽ മോചിതരാക്കാൻ ഗുജറാത്ത് സർക്കാരിന് അനുമതി നൽകിയുള്ള സുപ്രിംകോടതി ഉത്തരവ് 2022 മെയിൽ പുറത്തുവന്നിരുന്നു. ഇത് ചോദ്യം ചെയ്താണ് ബിൽക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്.
മഹാരാഷ്ട്രയിലെ മുംബൈയിലാണ് കേസിന്റെ വിചാരണ പൂർത്തിയായതെന്നും അതിനാൽ ഗുജറാത്ത് സർക്കാറിന് പ്രതികളെ ജയിൽമോചിതരാക്കാൻ സാധിക്കില്ലെന്നും ബിൽക്കീസ് ബാനു പുനഃപരിശോധനാ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവാളികളെ ഇപ്രകാരം തുറന്നുവിടുന്നത് ജീവന് ഭീഷണിയാണെന്നും വ്യക്തമാക്കി. എന്നാൽ, സുപ്രിംകോടതി ഈ വാദം മുഖലിലക്കെടുത്തില്ല. വിധി പുനപ്പരിശോധിക്കുന്നതിനു കാരണമൊന്നും കാണുന്നില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ശിക്ഷ ഇളവു ചെയ്യാൻ നിയമപ്രകാരം ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്നാണ് കഴിഞ്ഞ മെയിൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കിസ് ബാനുവിനും കുടുംബത്തിനുമെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയുമുണ്ടായി. തുടർന്ന് ബിൽക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.