ബംഗളൂരു- കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോടികള്‍ എറിഞ്ഞ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശരിവച്ച് പുതിയ വെളിപ്പെടുത്തല്‍. ജെഡിഎസ് എംഎല്‍എമാര്‍ക്ക് മറുകണ്ടം ചാടാന്‍ ബിജെപി നേതാക്കള്‍ 100 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഓരോ എംഎല്‍എമാര്‍ക്കുമാണ് ഈ തുക വാഗ്ദാനം ചെയതത്. ജെഡിഎസ് ഒരിക്കലും ബിജെപിയുമായി സഖ്യത്തിനില്ലെന്നും അവര്‍ പിന്തുണ തേടിയിരുന്നെന്നും കുമാരസ്വാമി പറഞ്ഞു. ജനങ്ങള്‍ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ജെഡിഎസും കോണ്‍ഗ്രസും വ്യക്തമായ ഭൂരിപക്ഷം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കര്‍ണാകട കോണ്‍ഗ്രസ് പ്രസിഡന്റിനൊപ്പം ഇന്നു വീണ്ടും ഗവര്‍ണറെ കാണും. എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പാര്‍ട്ടി എംഎല്‍എമാരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.