ബിഹാറില്‍ മദ്യദുരന്തത്തില്‍ മരിച്ചവര്‍ 50 കവിഞ്ഞു; 150 വില്‍പനക്കാര്‍ അറസ്റ്റില്‍

പട്‌ന- ബിഹാറിലെ സാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. നാടന്‍ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
50 രൂപ നിരക്കില്‍ വില്‍ക്കുന്ന 250 മില്ലി ലീറ്റര്‍ നാടന്‍ മദ്യ പൗച്ചുകള്‍ വാങ്ങിയവരാണ് ദുരന്തത്തിനിരയായത്. സാരന്‍ ജില്ലയില്‍ നാടന്‍ മദ്യ വില്‍പന നടത്തിയിരുന്ന 150ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യനിരോധനം നിലവിലുള്ള ബിഹാറിലുണ്ടായ ദുരന്തത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും നോട്ടിസയച്ചു. മദ്യനിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യനിരോധം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുണ്ട്. മദ്യ നിരോധനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തു മദ്യ ലഭ്യത നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യക്കാര്‍ക്ക് സൈക്കിളില്‍ വീടുകളില്‍ പോലും മദ്യമെത്തിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മദ്യവില്‍പന.
കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഛപ്ര എസ്എച്ച്ഒ ഋതേഷ് മിശ്രയെയും കോണ്‍സ്റ്റബിള്‍ വികാസ് തിവാരിയെയും സസ്‌പെന്‍ഡ് ചെയ്തു.

 

Latest News