Sorry, you need to enable JavaScript to visit this website.

കര്‍ണാടക: ബിജെപിയും ജെഡിഎസും  വീണ്ടും ഗവര്‍ണറെ കാണുന്നു

ബംഗളൂരു- കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയും ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും വീണ്ടും ഗവര്‍ണറെ കാണാന്‍ ഒരുങ്ങുന്നു. 

എച്ച് ഡി കുമാരസ്വാമിക്ക് പിന്തുണ അറിയിച്ച് 118 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുമായാണ് ജെഡിഎസ് വീണ്ടും ഗവര്‍ണറെ കാണുന്നത്. കേവല ഭൂരിപക്ഷമായ 112 തികയ്ക്കാന്‍ എട്ടു സീറ്റുകളുടെ കുറവാണ് ബിജെപിക്കുള്ളത്. 224 മണ്ഡലങ്ങളില്‍ രണ്ടിടത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്.

222 മണ്ഡലങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ബിജെപിക്ക് 104 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനു 78-ഉം മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലറിന് (ജെഡിഎസ്) 38 സീറ്റും ലഭിച്ചു. 

ബിഎസ്പിയുമായി ജെഡിഎസിന് തെരഞ്ഞെടുപ്പ് സഖ്യമുണ്ടായിരുന്നു.  ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിക്കുകയും പുതിയ സഖ്യത്തിന് വഴിയൊരുങ്ങുകയുമായിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് അംഗീകരിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി വൈകി ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തത്. ബിഎസ് യെദ്യുരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും യോഗം ചേര്‍ന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇരു കക്ഷികളുടെ ആവശ്യത്തില്‍ ഗവര്‍ണര്‍ വാജുഭായ് വാല തീരുമാനം അറിയിച്ചിട്ടില്ല.

പണമെറിഞ്ഞ് എംഎല്‍എമാരെ വശത്താക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ജെഡിഎസും കോണ്‍ഗ്രസും കരുതലോടെയാണ് നീങ്ങുന്നത്. തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. 

Latest News