Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയും  സംഘവും പിന്നിട്ടത് 2798 കിലോമീറ്റര്‍,  ഭാരത് ജോഡോ യാത്ര നൂറാം ദിനത്തില്‍ 

ജയ്പൂര്‍- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍. 42 ജില്ലകളിലൂടെ 2798 കിലോമീറ്ററാണ് ഇതുവരെ പിന്നിട്ടത്. 100 ദിനങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ യാത്രയുടെ 100 ദിനങ്ങള്‍ എന്നാക്കി മാറ്റി.
2024ല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  പറഞ്ഞു. പ്രധാനമന്ത്രി പദം ലക്ഷ്യം വച്ചല്ല രാഹുലിന്റെ യാത്ര. ബിജെപി രാഷ്ട്രീയത്തിന്റെ ബദലാകും യാത്ര സമ്മാനിക്കുക. സംഘടനാ തലത്തില്‍ വലിയ ഉണര്‍വ് യാത്ര സമ്മാനിച്ചു. യാത്രയെ പരിഹസിച്ച ബിജെപി ഇപ്പോള്‍ ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്. മീണ ഹൈക്കോടതിയില്‍ നിന്ന് ആരംഭിക്കുന്ന ഇന്നത്തെ യാത്ര രാവിലെ 11 മണിക്ക് ഗിരിരാജ് ധരന്‍ ക്ഷേത്രത്തില്‍ അവസാനിപ്പിക്കും. ജയ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വൈകിട്ട് നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി തത്സമയ സംഗീത പരിപാടിയില്‍ പങ്കെടുക്കും. 100 ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആല്‍ബര്‍ട്ട് ഹാളില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാനിലെ പന്ത്രണ്ടാം ദിവസമാണിന്ന്. ഈ മാസം 21ന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും.സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിയ ശേഷമാണ് രാജസ്ഥാനില്‍ എത്തിയത്. 
 

Latest News