ന്യൂയോര്‍ക്ക്-യു.എന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. അല്‍ഖായിദ നേതാവ് ഉസാമ ബിന്‍ലാദിനെ സംരക്ഷിച്ച, രു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിച്ചവരാണ് ഇപ്പോള്‍ ഉപദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ കൗണ്‍സിലില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ്.ജയ്ശങ്കറിന്റെ രൂക്ഷവിമര്‍ശം.
ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട കാര്യം പോലുമില്ല. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണ്. അല്‍ഖായിദ നേതാവ് ഉസാമ ബിന്‍ലാദിനെ സംരക്ഷിച്ചവര്‍ക്ക് യു.എന്‍ രക്ഷാസമിതി മുമ്പാകെ ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ല- ജയശങ്കര്‍ പറഞ്ഞു.
എത്രയും പെട്ടെന്നുതന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധി തുടങ്ങി സുപ്രധാനവെല്ലുവിളികളോടുള്ള കാര്യക്ഷമമായ പ്രതികരണമാണ് യു.എന്നിന്റെ വിശ്വാസ്യതയെ നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.