Sorry, you need to enable JavaScript to visit this website.

മലയാളികള്‍ക്ക് ഫിന്‍ലന്റിലെ തൊഴില്‍ സാധ്യതകള്‍; നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- കേരളത്തിലെ യുവതി യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുളള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലന്റ് പ്രതിനിധികളുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കുടിയേറ്റം വേഗത്തിലാക്കുന്നതിനും ഇതിനായുളള നടപടികള്‍ ലഘൂകരിക്കുന്നതിനുമുള്ള ചര്‍ച്ചയാണ് നടന്നത്. ദല്‍ഹിയിലെ ഫിന്‍ലന്റ് എംബസ്സിയില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് ഫിന്‍ലാന്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ക്രിയാത്മകമായ  ചര്‍ച്ചയാണ് നടന്നത്.  ഇതിനായി ഫിന്‍ലന്റിലേയും കേരളത്തിലേയും നഴ്‌സിങ്ങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനമായതായി നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലാന്റ് തൊഴില്‍ മന്ത്രി  ടൂല ഹാറ്റിയാനെന്‍ , ഇന്ത്യയിലെ ഫിന്‍ലാന്റ് അംബാസിഡര്‍ റിത്വ കൗക്കു എന്നിവരുമായിട്ടായിരുന്ന ദല്‍ഹിയിലെ രണ്ടാഘട്ട ചര്‍ച്ച.  

കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ജര്‍മ്മനിയുമായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടേയും  ബ്രിട്ടനുമായുമുളള കരാറിന്റെയും മാതൃകയില്‍ കുടിയേറ്റ നടപടികള്‍ സാധ്യമാക്കാനാണ് ശ്രമമെന്ന് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു.

 

Latest News