ന്യൂദൽഹി- ശ്രീശാന്തിനെ കളിപ്പിക്കില്ലെന്ന വാശിയിൽ ബി.സി.സി.ഐ ഉറച്ചുനിൽക്കുന്നു. ഐ.പി.എൽ ഒത്തുകളി കേസിൽ ശ്രീശാന്ത് കുറ്റക്കാരനാണെന്നും ഇതു സംബന്ധിച്ച കേസ് ദൽഹി ഹൈേക്കാടതിയുടെ പരിഗണനയിലാണെന്നുമാണ് ഇന്നലെ ബി.സി.സി.ഐ സുപ്രീം കോടതിയിൽ വാദിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെങ്കിലും കളിക്കാൻ അവസരം നൽകണമെന്ന ശ്രീശാന്തിന്റെ അപേക്ഷയെ ബി.സി.സി.ഐ ഇന്നലെ സുപ്രീം കോടതിയിലും എതിർത്തു.
ഐ.പിഎൽ ഒത്തുകളിക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും അതിനാൽ ഈ സീസണിൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സഹായകമാകും വിധം ഇടക്കാല ഉത്തരവിറക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. നാലു വർഷമായി താൻ വിലക്ക് നേരിട്ടുവരികയാണെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. ഐ.പി.എൽ ഒത്തുകളിക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരേ ദൽഹി പോലീസിന്റെ അപ്പീലിൽ ജൂലൈ അവസാനത്തോടെ തീരുമാനമെടുക്കാൻ ദൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ശ്രീശാന്തിന്റെ ആശങ്ക മനസ്സിലാക്കുന്നു എന്നും എന്നാൽ ദൽഹി ഹൈക്കോടതിയുടെ തീരുമാനം വരെ കാത്തിരിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ നടപടി ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ ശ്രീശാന്ത് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും ബി.സി.സി.ഐ ശ്രീശാന്തിനെതിരേ ഉറച്ചുനിന്നു.
ഒത്തുകളിയിൽ പണം വാങ്ങിയെന്ന കാര്യം ശ്രീശാന്ത് സമ്മതിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പരാഗ് ത്രിപാഠി വാദിച്ചു. എന്നാൽ ക്രിക്കറ്റിൽ ഒരു തവണ പുറത്തായ ബാറ്റ്‌സ്മാന് പോലും രണ്ടാം ഇന്നിംഗ്‌സിൽ ഇറങ്ങാൻ അവസരമുണ്ടെന്നും കൗണ്ടിയിൽ കളിക്കാൻ ശ്രീശാന്തിനെ അനുവദിക്കണമെന്നും താരത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചു. സീസണിൽ മൂന്ന് മാസം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.