ലണ്ടന്‍- വിമാനങ്ങളില്‍ ദ്രാവകങ്ങളും ലാപ്‌ടോപ്പുകളും കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങളില്‍ യു.കെ സര്‍ക്കാര്‍ ഇളവ് വരുത്തുന്നു. 2024 ജൂണ്‍ മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
യു.കെയിലെ മിക്ക വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ ലിക്വിഡ് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതാണ് മാറ്റം. ഇപ്പോള്‍ 100 മില്ലി ലിക്വിഡ് കൊണ്ടുപോകാന്‍ മാത്രമേ അനുവാദള്ളൂ.
കണ്ടെയ്‌നറുകള്‍ വ്യക്തമായി കാണുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ കൊണ്ടുപോകണമെന്ന നിബന്ധനയും മാറ്റി.
പ്രധാന വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ ബാഗുകളിലെ സാധനങ്ങളുടെ വിശദമായ ചിത്രങ്ങള്‍ കാണുന്നതിന് സുരക്ഷാ പുതിയ സാങ്കേതികവിദ്യ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഗതാഗത വകുപ്പ് പറയുന്നു. ഭേദഗതികള്‍ സംബന്ധിച്ച പുതിയ നിയമം വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ലണ്ടനില്‍നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാനം വീട്ടില്‍നിര്‍മിച്ച ദ്രാവക ബോംബുകള്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെട്ടതിനു പിന്നാലെ 2006 ലാണ് നിലവിലെ വിമാനത്താവള സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കിയത്.
സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ ക്യാബിന്‍ ബാഗ് നിയമങ്ങള്‍ കാര്യക്ഷമമാക്കുകയാണെന്ന് ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു.
2024ഓടെ, യുകെയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യ സ്ഥാപിക്കും. ക്യൂ സമയം കുറയ്ക്കുക, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക, ഏറ്റവും പ്രധാനമായി സാധ്യതയുള്ള ഭീഷണികള്‍ കണ്ടെത്തുക തുടങ്ങിയവയാണ് മാറ്റങ്ങള്‍. ഇത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അതുവരെ, യാത്രക്കാര്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുകയും യാത്രയ്ക്ക് മുമ്പ് പരിശോധിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.