ദോഹ - പരിക്ക് മാറി റയല്‍ മഡ്രീഡില്‍ പരിശീലനം പുനരാരംഭിച്ച സാഹചര്യത്തില്‍ അര്‍ജന്റീനക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനു വേണ്ടി കരീം ബെന്‍സീമ കളിച്ചേക്കുമെന്ന് ഊഹാപോഹം. ഈ ലോകകപ്പില്‍ ബെന്‍സീമ ഒരു മത്സരത്തില്‍ പോലും ഫ്രാന്‍സിന് കളിച്ചിട്ടില്ല. പരിക്കേറ്റതിനെത്തുടര്‍ന്ന് ടീം ക്യാമ്പ് വിട്ടിരുന്നു. എങ്കിലും ബെന്‍സീമയെ ഒഴിവാക്കുകയോ പകരമൊരാളെ ടീമിലെടുക്കുകയോ ചെയ്തിട്ടില്ല.
മൊറോക്കോക്കതിരായ സെമി ഫൈനലിനു ശേഷം ബെന്‍സീമയുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ കോച്ച് ദീദിയര്‍ ദെഷോമിനോട് ചോദിച്ചിരുന്നു. അദ്ദേഹം അതിന് മറുപടി പറയാന്‍ തയാറായില്ല.
ബെന്‍സീമ തിരിച്ചെത്തിയാലും ടീമിലുള്‍പ്പെടുത്താന്‍ സാധ്യതയില്ല. അത് ടീമിന്റെ സന്തുലനം തെറ്റിക്കും. പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കേണ്ടത് ഒലിവിയര്‍ ജിരൂവിനെയാണ്. ഫ്രാന്‍സ് ഫൈനലിലെത്തിയതില്‍ ജിരൂവിന് വലിയ പങ്കുണ്ട്.
എന്നാല്‍ ഫ്രഞ്ച് ടീമില്‍ ഏതാനും പേര്‍ക്ക് പരിക്കും പനിയുമുണ്ട്. അഡ്രിയന്‍ റാബിയോയും ഡിഫന്റര്‍ ദയോത് ഉപമെകാനോയും മൊറോക്കോക്കെതിരെ കളിച്ചില്ല. റിസര്‍വ് വിംഗര്‍ കിംഗ്സലി കൂമനും പനിയാണ്. അത് ബെന്‍സീമക്ക് അവസരമൊരുക്കുമോയെന്ന് കണ്ടറിയണം.