റിയാദ് - സൗദിയില്‍ നിന്ന് ഈജിപ്തിലേക്ക് കടത്തിയ 133 പുരാതന നാണയങ്ങള്‍ ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ഈസ കയ്റോയിലെ സൗദി കോണ്‍സല്‍ ജനറലിന് കൈമാറി. ആധുനിക സൗദി അറേബ്യയുടെ ശില്പി അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് വ്യത്യസ്ത കാലങ്ങളില്‍ പുറത്തിറക്കിയ നാണയങ്ങള്‍ ലോകത്തെ ഏറ്റവും പുരാതന മ്യൂസിയമായ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് കൈമാറിയത്. ഇറാഖ് സാംസ്കാരിക, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് അല്‍ബദ്റാനി, ഈജിപ്തിലെ ഇറാഖ് അംബാസഡര്‍ അഹ്മദ് നായിഫ്, ഈജിപ്തിലെ ജോര്‍ദാന്‍ അംബാസഡര്‍ അംജദ് അല്‍അദായില, ചൈനയിലെ സാംസ്കാരിക ഉപദേഷ്ടാവ് റോംഗ് ഹൂ, ഈജിപ്തിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ വസീരി എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ വെച്ച് ഇറാഖിന് ആറു നാണയങ്ങളും ജോര്‍ദാന്‍ നാലു നാണയങ്ങളും ചൈനക്ക് 33 നാണയങ്ങളും കൈമാറി.
ഈജിപ്ത് അതിന്റെ പൈതൃകവും പുരാവസ്തുക്കളും നാഗരികതയും മാത്രമല്ല, മറിച്ച്, മറ്റു രാജ്യങ്ങളുടെ പൈതൃകവും പുരാവസ്തുക്കളും സംരക്ഷിക്കുന്നു എന്ന പ്രധാന സന്ദേശമാണ് പുരാവസ്തുക്കള്‍ യഥാര്‍ഥ രാജ്യങ്ങള്‍ക്ക് കൈമാറുന്നതിലൂടെ ഈജിപ്ത് നല്‍കുന്നതെന്ന് ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് പുരാവസ്തുക്കള്‍ ഈജിപ്ത് അതത് രാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു. 2020 ല്‍ സൗദി അറേബ്യക്കും ഇന്ത്യക്കും ചൈനക്കും 100 സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൈമാറിയിരുന്നു. 2014 ല്‍ പെറുവിന് രണ്ടു പുരാതന പ്രതിമകളും കൈമാറിയിരുന്നു. അതേവര്‍ഷം തന്നെ ഇക്വഡോറിന് മൂന്നു പുരാതന പ്രതിമകളും കൈമാറി.