Sorry, you need to enable JavaScript to visit this website.

മൊറോക്കോയെ ആവേശിച്ച ഭൂതം

ദോഹ - വെറും രണ്ടു കളിയാണ് ഖത്തറിന് മുമ്പ് മൊറോക്കൊ ലോകകപ്പില്‍ ജയിച്ചത്. 1986 ല്‍ പോര്‍ചുഗലിനെ 3-1 ന് തോല്‍പിച്ചു. പ്രി ക്വാര്‍ട്ടറില്‍ ലോതര്‍ മത്തായൂസ് എണ്‍പത്തെട്ടാം മിനിറ്റില്‍ നേടിയ ഗോളില്‍ ജര്‍മനിയോട് തോറ്റു. 1998 സ്‌കോട്‌ലന്റിനെ 3-0 ന് തോല്‍പിച്ചു. ഇത്തവണ സെമി ഫൈനലിലെത്തിക്കളയുമെന്ന് തോന്നിച്ച അസാധാരണ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എപ്പോഴും പ്രതിഭാസമ്പന്നരായ കളിക്കാര്‍ മൊറോക്കോക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ തോല്‍വിയുടെ സംസ്‌കാരം അവരെ വിടാതെ പിന്തുടര്‍ന്നു. 
പക്ഷെ വെറും നാലു മാസ്ം മുമ്പ് ചുമതലയേറ്റ കോച്ച് വലീദ് റഖ്‌റഖി ആ മനോഭാവമാണ് മാറ്റിയത്. എങ്ങനെയാണ് ലോക രണ്ടാം നമ്പര്‍ ബെല്‍ജിയവും 2018 ലെ ഫൈനലിസ്റ്റ് ക്രൊയേഷ്യയും കോണ്‍കകാഫ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായ കാനഡയുമുള്‍പ്പെട്ട ഗ്രൂപ്പില്‍ മൊറോക്കൊ ചാമ്പ്യന്മാരായത്. യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിനിനെയും പോര്‍ചുഗലിനെയും നോക്കൗട്ടില്‍ വീഴ്ത്തിയത്. മൊറോക്കൊ സോക്കര്‍ ഫെഡറേഷന്റെ ധീരമായ തീരുമാനം അതിന് പിന്നിലുണ്ട്. ഒപ്പം റഖ്‌റഖിയുടെ ഗെയിം പ്ലാനും. അത് കളിക്കാര്‍ അണുകിട വിടാതെ പിന്തുടര്‍ന്നു, സ്വന്തത്തെക്കാള്‍ അവര്‍ ടീമിന് പ്രാധാന്യം നല്‍കി. 
ബോസ്‌നിയക്കാരനായ വലീദ് ഹാലിഹോദിച് എന്ന പരിചയസമ്പന്നനായ കോച്ചിനു കീഴിലാണ് മൊറോക്കൊ ലോകകപ്പിന് യോഗ്യത നേടിയത്. പക്ഷെ ഹകീം സിയേഷിനെ ടീമിലുള്‍പെടുത്താന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ ഹാലിഹോദിച്ചിനെ പുറത്താക്കി. മുന്‍ മൊറോക്കൊ താരം റഖ്‌റഖിയെ പകരം കൊണ്ടുവന്നു. ഫ്രാന്‍സില്‍ ജനിച്ച റഖ്‌റഖി മൊറോക്കന്‍ ക്ലബ് വൈദാദ് കാസബ്ലാങ്കയെ ആഫ്രിക്കന്‍ ചാമ്പ്യന്മാരാക്കിയ ആഹ്ലാദത്തില്‍ നില്‍ക്കുകയായിരുന്നു. 
റഖ്‌റഖി ഏറ്റെടുത്തത് മൊറോക്കോയുടെ സുവര്‍ണ തലമുറയെയാണ്. യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച നിരവധി കളിക്കാരുണ്ട് ടീമില്‍. ഫുള്‍ബാക്കുകളായ അശ്‌റഫ് ഹകീമിയും നുസയ്ര്‍ മസറൂയിയും പി.എസ്.ജിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും സ്റ്റാര്‍ടിംഗ് ഇലവനില്‍ കളിക്കുന്നവരായിരുന്നു. സമീപകാലത്ത് പ്ലേയിംഗ് ഇലവനിലില്ലെങ്കിലും സിയേഷ് ചെല്‍സിയുടെ താരമാണ്. ഗോള്‍കീപ്പര്‍ യാസീന്‍ ബൂനുവും സ്‌ട്രൈക്കര്‍ യൂസഫ് അന്നസീരിയും സ്‌പെയിനില്‍ സെവിയയുടെ കളിക്കാരാണ്. ഇറ്റലിയില്‍ ഫിയറന്റീനയുടെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറാണ് സുഫയാന്‍ അംറാബത്, സെന്റര്‍ബാക്കുകളായ നാഇഫ് അഖ്‌രിദും ക്യാപ്റ്റന്‍ റുമയ്ന്‍ സായിസും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലാണ് -വെസ്റ്റ്ഹാമിലും വുള്‍വര്‍ഹാംപ്റ്റനിലും. 
അവരെ ഒരു ചരടില്‍ കോര്‍ത്തിണക്കുകയായിരുന്നു റഖ്‌റഖിയുടെ വെല്ലുവിളി. മികച്ച ടീമുകളെ തോല്‍പിക്കാനാവുമെന്ന വിശ്വാസം ജനിപ്പിക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. മൂന്നു കളി കളിക്കാനാണെങ്കില്‍ ലോകകപ്പിലേക്ക് വരേണ്ടെന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം മാസ്റ്റര്‍പീസായി. 
4-1-4-1 ശൈലിയാണ് റഖ്‌റഖി സ്വീകരിച്ചത്. പ്രതിരോധം പരമാവധി ഇറങ്ങിനിന്നു. അവര്‍ക്കു മുന്നിലുള്ള അംറാബത് അപൂര്‍വമായേ കയറിക്കളിച്ചുള്ളൂ. ശക്തരായ എതിരാളികള്‍ക്കെതിരെ നാലംഗ മധ്യനിരയും അധികം കയറിയില്ല. അത്ര ശക്തമായിരുന്നു അവരുടെ കോട്ട. മുന്നില്‍ അന്നസീരി അവസരങ്ങള്‍ക്കായി തക്കം പാര്‍ത്തു. എതിരാളികളില്‍ നിന്ന് പന്ത് റാഞ്ചിയാല്‍ മിന്നലാക്രമണമാണ്. ഫുള്‍ബാക്കുകളായ ഹകീമിയും മസ്‌റൂയിയും ആക്രമണത്തില്‍ പങ്കുചേരും. വിംഗുകളില്‍ നിന്ന് സിയേഷും സുഫ്‌യാന്‍ ബൂഫലും പങ്കുചേരും. അതുവരെ ഒറ്റയാനായി നിന്ന അന്നസീരിക്ക് പൊടുന്നനെ അഞ്ചാറു പേരുടെ പിന്തുണ കിട്ടും. 
ഈ ശൈലിയില്‍ കളിക്കാന്‍ അതീവ അച്ചടക്കവും വലിയ ഏകാഗ്രതയും വേണം. എതിരാളികളുടെ പ്രതിഭയും പണവുമില്ലെങ്കിലും അവരോടൊപ്പം പൊരുതിനില്‍ക്കാനാവുമെന്ന് തെളിയിക്കുകയാണ് മൊറോക്കോയെന്ന് റഖ്‌റഖി പറയുന്നു. 
അഞ്ചു കളികളില്‍ 10 ഷോട്ട് മാത്രമാണ് അവര്‍ നേരിട്ടത്. വഴങ്ങിയത് ഒരു സെല്‍ഫ് ഗോള്‍ മാത്രം. ശരാശരി മൂന്നു ഷോട്ടുകളേ അവര്‍ എതിര്‍ ഗോളിലേക്ക് പായിക്കുന്നുള്ളൂ, പൊസഷന്‍ 29.8 ശതമാനം മാത്രം. സ്‌പെയിനിനെതിരെ മൊറോക്കൊ പാസ് ചെയതത് 343 തവണ, എതിരാളികള്‍ 1041 തവണയും. ജീവിതത്തിലൊരിക്കലും ഇത്രയേറെ ഓടേണ്ടി വന്നിട്ടില്ലായിരുന്നു തന്റെ കളിക്കാര്‍ക്കെന്നും അതിനു മാത്രം സമര്‍പ്പിക്കുമ്പോള്‍ വിജയം സ്വാഭാവികമാണെന്നും റഖ്‌റഖി പറയുന്നു. 
കാതടപ്പിക്കുന്ന കരഘോഷവും കാതു തുളക്കുന്ന വിസില്‍ വിളികളുമായി ആരാധകര്‍ ഗാലറിയില്‍ ടീമിന് കുഴല്‍ വിളിക്കുന്നു. ദോഹയില്‍ മൊറോക്കൊ തരംഗമാണ്, എവിടെയും മൊറോക്കൊ പതാകയും ജഴ്‌സികളും. ഒരു പ്രധാന കിരീടമേ മൊറോക്കൊ നേടിയിട്ടുള്ളൂ, ആഫ്രിക്കന്‍ കിരീടം, അതും അര നൂറ്റാണ്ട് മുമ്പ് -1976 ല്‍. പക്ഷെ ലോകകപ്പിന് അവര്‍ രണ്ട് ചുവട് അരികിലാണ്. 

Latest News