Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സ് എന്നാല്‍ എംബാപ്പെ അല്ല

ദോഹ - ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് ആഫ്രിക്കന്‍ പടക്കുതിരകളായ മൊറോക്കൊ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടുമ്പോള്‍ ഏത് ശൈലിയിലുള്ള ഫുട്‌ബോളാണ് ജയിക്കുകയെന്ന ചോദ്യത്തിന് കൂടി ഉത്തരമാവും. ഒന്നാന്തരം പ്രതിരോധത്തിലൂന്നിയാണ് മൊറോക്കോയുടെ മുന്നേറ്റം. ടൂര്‍ണമെന്റില്‍ അവര്‍ ഒരു ഗോളേ വഴങ്ങിയിട്ടുള്ളൂ, ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡക്കെതിരായ മത്സരത്തിലെ സെല്‍ഫ് ഗോള്‍. ക്രൊയേഷ്യ, ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നീ വമ്പന്മാര്‍ക്കൊന്നും ആ പ്രതിരോധം തകര്‍ക്കാനായില്ല. 
പക്ഷെ ഫ്രാന്‍സ് മറ്റൊരു തലത്തിലാണ്. പല കോണുകളില്‍ നിന്ന് അവരുടെ ആക്രമണം വരും. കീലിയന്‍ എംബാപ്പെയും ഒലിവിയര്‍ ജിരൂവും ഒരുപോലെ ഗോളടിക്കാന്‍ കെല്‍പുള്ളവരാണ്. ഇരുവരും ചേര്‍ന്ന് ഒമ്പത് ഗോളടിച്ചു കഴിഞ്ഞു. ഉസ്മാന്‍ ദെംബെലെ, ആന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരും അതുപോലെ അപകടകാരികളാണ്. 
മാത്രമല്ല, മൊറോക്കോയുടെ നിരവധി കളിക്കാരെ പരിക്ക് അലട്ടുന്നുണ്ട്. സെന്റര്‍ ബാക്ക് നാഇഫ് അഖ്‌രിദിന് പോര്‍ചുഗലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനായില്ല. അഖ്‌രിദിന്റെ സെന്റര്‍ ബാക്ക് ജോഡിയും ക്യാപ്റ്റനുമായ റുമയ്ന്‍ സാഇസിന് ആ മത്സരത്തിനിടെ പേശിവേദന വീണ്ടുമുണ്ടായി. പിന്മാറേണ്ടി വന്നു. പിന്‍നിരയില്‍ ആര് കളിച്ചാലും സദാ ജാഗരൂകനായിരിക്കണം. ഇംഗ്ലണ്ട് എംബാപ്പെയെ ഏതാണ്ട് നിര്‍വീര്യമാക്കിയിരുന്നു. പക്ഷെ മറ്റു വഴികളിലൂടെ ഫ്രാന്‍സ് വിജയത്തിലേക്ക് വഴി കണ്ടെത്തി. 
എതിര്‍ പകുതിയില്‍ ഫ്രാന്‍സ് പന്തുമായി നിരന്തരം ചോദ്യങ്ങളുന്നയിക്കുമെന്നുറപ്പാണ്. പക്ഷെ മൊറോക്കോയുടെ മിന്നല്‍ പ്രത്യാക്രമണങ്ങളെ അവര്‍ കരുതിയിരിക്കണം. വലതു വിംഗില്‍ നിന്ന് ഹകീം സിയേഷും ഇടത്തു നിന്ന് സുഫിയാന്‍ ബൂഫലും നീട്ടിയടിക്കുന്ന പന്തുമായി കുതിക്കാന്‍ യൂസുഫ് അന്നസീരി കാത്തുനില്‍ക്കുന്നുണ്ടാവും. ഫ്രഞ്ച് ഫുള്‍ബാക്കുകളായ യൂള്‍സ് കൂണ്ടെക്കും തിയൊ ഹെര്‍ണാണ്ടസിനും വിശ്രമിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല. ഇംഗ്ലണ്ടിനെതിരെ പലപ്പോഴും പതറിയ ഫ്രഞ്ച് സെന്റര്‍ ഹാഫ് ദയോത് ഉപമെകാനോയുടെ ദൗര്‍ബല്യങ്ങള്‍ മൊറോക്കൊ കുറിച്ചുവെച്ചിട്ടുണ്ടാവും. 
സ്‌പെയിനിനും പോര്‍ചുഗലിനുമെതിരായ വിജയത്തിനായി സര്‍വം സമര്‍പ്പിച്ച മൊറോക്കോയുടെ കായികശേഷിയുടെ പരീക്ഷ കൂടിയായിരിക്കും ഫ്രാന്‍സിനെതിരായ സെമി ഫൈനല്‍. സ്‌പെയിനിനെതിരായ കളി ഷൂട്ടൗട്ടിലെത്തി. പോര്‍ചുഗലിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പ്രതിരോധിക്കേണ്ടി വന്നു. അതേസമയം ഫ്രാന്‍സിന് നോക്കൗട്ട് മത്സരങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. അതിനാല്‍ മൊറോക്കൊ കളിക്കാരെ ഓടിത്തളര്‍ത്താനായിരിക്കും ഫ്രാന്‍സ് ശ്രമിക്കുക. വിംഗുകളില്‍ നിന്ന് വിംഗുകളിലേക്ക് അവര്‍ കളി മാറ്റും. പ്രത്യേകിച്ച് ആദ്യ പകുതിയില്‍. ഫ്രഞ്ച് കളിക്കാരുടെ പരിചയസമ്പത്ത് ഈ ഘട്ടത്തില്‍ മുതല്‍ക്കൂട്ടാവും. ലോക ഇരുപത്തിരണ്ടാം നമ്പര്‍ ടീമിനെയാണ് നേരിടുന്നതെന്ന ആലസ്യത്തില്‍ വീണുപോവാതിരിക്കാന്‍ മാത്രം ഗുണനിലവാരം തങ്ങള്‍ക്കുണ്ടെന്ന് ഡിഫന്റര്‍ റഫായേല്‍ വരാന്‍ പറഞ്ഞു. മൊറോക്കൊ സെമിയിലേക്ക് പൊട്ടിവീണതല്ല. മറ്റൊരു ശക്തമായ പോരാട്ടത്തിന് തന്നെയാണ് തയാറെടുക്കുന്നത് -വരാന്‍ പറഞ്ഞു. 
അല്‍ബെയ്ത് സ്റ്റേഡിയം മൊറോക്കോയുടെ പിന്നിലായിരിക്കും. ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ അറബ് ടീമിനായി ഒരു വന്‍കര മുഴുവന്‍ കൂടെയുണ്ടാവും. ഫ്രാന്‍സിനായി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്‌റോണും ഗാലറിയിലുണ്ടാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബ്രസീല്‍, അര്‍ജന്റീന ആരാധകരെ പോലെയാണ് മൊറോക്കോയുടെയും ആരാധകരെന്ന് റഖ്‌റഖി പറഞ്ഞു. സ്വന്തം മണ്ണില്‍ കളിക്കുന്ന ആവേശമായിരിക്കും അത് പ്രദാനം ചെയ്യുകയെന്നും കോച്ച് കരുതുന്നു. 

Latest News