സെമി ഫൈനല്‍
മൊറോക്കൊ-ഫ്രാന്‍സ്
രാത്രി 10.00
അല്‍ബെയ്ത് സ്റ്റേഡിയം
ദോഹ - തമ്പുകളുടെ സ്റ്റേഡിയത്തില്‍ പഴയ കോളനിമേധാവികള്‍ക്കെതിരെ ബദുക്കളുടെ ശൗര്യം പുറത്തെടുക്കാനാവുമോ മൊറോക്കോയുടെ അറ്റ്‌ലസ് ലയണ്‍സിന്. അതോ ഫ്രാന്‍സിന്റെ നീലക്കടലില്‍ അവസാനമായി അവര്‍ മുങ്ങിത്താഴുമോ? ഒരു കാര്യമുറപ്പാണ്, ലോകകപ്പ് സെമി ഫൈനലില്‍ തോറ്റാലും ജയിച്ചാലും മൊറോക്കോയുടെ അദ്ഭുതപ്പട തലയുയര്‍ത്തിയാണ് ഖത്തറിനോട് വിട ചോദിക്കുക. ഒരു നൂറ്റാണ്ടില്‍ അറബ്, ആഫ്രിക്കന്‍ ടീമുകള്‍ക്ക് താണ്ടാന്‍ കഴിയാതിരുന്ന ദൂരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ കടന്നെത്തിയത്. അവസാന രണ്ടു ചുവട്, അതിനായി അവര്‍ സര്‍വം സമര്‍പ്പിക്കും. ഇത്രയെങ്കിലുമെത്താന്‍ ഇനി ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നേക്കാം. കണക്കുതീര്‍ക്കാന്‍ അവര്‍ക്ക് ഒരുപാടുണ്ട് കഥകള്‍. 1912 മുതല്‍ 1956 വരെ മൊറോക്കോയെ അടക്കിഭരിച്ച കോളനിമേധാവികളായിരുന്നു ഫ്രാന്‍സ്. അവര്‍ക്കെതിരെ ഒരു ജയം, അതിന് കളിക്കളത്തിനപ്പുറത്തേക്ക് നീളുന്ന മാനങ്ങളുണ്ട്. ആഫ്രിക്കക്കും അറബ് ജനതക്കും വേണ്ടി അവസാനം വരെ പോരാടുമെന്ന് മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖി പ്രഖ്യാപിച്ചു.
ലിയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒഴിച്ചുവെച്ചു പോകുന്ന താരസിംഹാസനത്തിന്റെ അധിപനാണ് മറുവശത്ത്. കീലിയന്‍ എംബാപ്പെ. പക്ഷെ എതിരാളികളുടെ തലയെടുപ്പ് മൊറോക്കോയെ തളര്‍ത്തിയിട്ടില്ല. ലോക രണ്ടാം നമ്പര്‍ ബെല്‍ജിയവും മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ചുഗലും അവരുടെ മുന്നില്‍ വീണു. നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യക്കും അവരെ കീഴടക്കാനായില്ല.
സ്വപ്‌നം കാണാന്‍ പ്രത്യേകിച്ച് പൈസയൊന്നും കൊടുക്കേണ്ടല്ലോയെന്ന് ചോദിക്കുന്നത് മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖിയാണ്. റഖ്‌റഖിക്ക് ജന്മനാടാണ് ഫ്രാന്‍സ്. ഇനിയാരും തങ്ങളെ ലാഘവത്തോടെ കാണില്ലെന്ന് റഖ്‌റഖിക്ക് ഉറപ്പുണ്ട്.
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ഫ്രാന്‍സിന് ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. എംബാപ്പെ ശാന്തനായ ആ കളിയില്‍ ദീര്‍ഘനേരം ഇംഗ്ലണ്ട് ആധിപത്യം ചെലുത്തി. എംബാപ്പെ അഞ്ച് ഗോളടിച്ചിട്ടുണ്ടാവാം, പക്ഷെ മൊറോക്കോക്കെതിരെ ഗോളടിക്കുക എളുപ്പമല്ല. റഖ്‌റഖി ഓഗസ്റ്റില്‍ കോച്ചായി ചുമതലയേറ്റ ശേഷം ഒരു ടീമിനും അവരുടെ പ്രതിരോധം ഭേദിക്കാനായിട്ടില്ല. ഒമ്പത് മത്സരങ്ങള്‍ അവര്‍ പിന്നിട്ടു. ഒരേയൊരു ഗോള്‍ അവര്‍ വഴങ്ങിയത് സ്വന്തം കളിക്കാരന്റെ ബൂട്ടില്‍ നിന്നായിരുന്നു, കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നാഇഫ് അഖ്‌രിദാണ് സ്വന്തം വലയില്‍ പന്തടിച്ചത്. എംബാപ്പെയെ തടയേണ്ടത് ആവശ്യമാണെന്നും എന്നാല്‍ ഫ്രാന്‍സ് എന്നാല്‍ എംബാപ്പെ മാത്രമല്ലെന്നും പി.എസ്.ജിയില്‍ എംബാപ്പെയുടെ സഹതാരമായ അശ്‌റഫ് ഹകീമി ഓര്‍മിപ്പിക്കുന്നു.
മൊറോക്കോയെ പരിക്കുകള്‍ അലട്ടുന്നുണ്ട്. പക്ഷെ മൊറോക്കോ കോച്ച് റഖ്‌റഖി ആശ്രയിക്കുന്നത് ടീമിന്റെ ഐക്യത്തെയും അച്ചടക്കത്തെയുമാണ്, ഏതെങ്കിലും വ്യക്തികളെയല്ല. മികച്ച ഡോക്ടര്‍മാര്‍ ടീമിനൊപ്പമുണ്ടെന്നും ആര്‍ക്കും കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടില്ലെന്നും റഖ്‌റഖി പറഞ്ഞു.