റിയാദ് - സബ്‌സിഡി എടുത്തുകളഞ്ഞ് അർഹരായവർക്ക് സബ്‌സിഡി ഇനത്തിലുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയതോടെ സൗദിയിൽ ഇന്ധന ഉപഭോഗം വൻതോതിൽ കുറഞ്ഞതായി കണക്ക്. ഈ വർഷം ആദ്യ പാദത്തിൽ പെട്രോളും ഡീസലും മറ്റു പെട്രോളിയം ഉൽപന്നങ്ങളും അടക്കമുള്ള ഇന്ധനങ്ങളുടെ പ്രതിദിന ഉപഭോഗം 20.4 ലക്ഷം ബാരലായി കുറഞ്ഞു. നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2015 ൽ പ്രതിദിനം ശരാശരി 21.3 ലക്ഷം ബാരലും 2016 ആദ്യ പാദത്തിൽ പ്രതിദിനം ശരാശരി 22 ലക്ഷം ബാരലുമായിരുന്നു ഇന്ധന ഉപഭോഗം.
2017 മാർച്ചിൽ പ്രതിദിന പെട്രോൾ ഉപയോഗം 6,16,000 ബാരലായിരുന്നു. 2016 മാർച്ചിനെ അപേക്ഷിച്ച് പ്രതിദിന പെട്രോൾ ഉപയോഗത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ മുപ്പതിനായിരത്തിലേറെ ബാരലിന്റെ (ഏഴു ശതമാനം) വർധനവ് രേഖപ്പെടുത്തി. 2018 മാർച്ചിൽ പ്രതിദിന പെട്രോൾ ഉപഭോഗം 5,81,000 ബാരലായി കുറഞ്ഞു. 2017 മാർച്ചിനെ അപേക്ഷിച്ച് ആറു ശതമാനം കുറവാണിത്. ശരാശരി പ്രതിദിന പെട്രോൾ ഉപഭോഗം 2005 ആദ്യ പാദത്തിൽ 2,90,000 ബാരലും 2010 ആദ്യ പാദത്തിൽ 4,20,000 ബാരലും 2015 ആദ്യ പാദത്തിൽ 5,55,000 ബാരലുമായിരുന്നു. പത്തു വർഷത്തിനിടെ പെട്രോൾ ഉപഭോഗം ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2016 ആദ്യ പാദത്തിൽ പ്രതിദിന ഉപഭോഗത്തിൽ മുപ്പതിനായിരം ബാരലിന്റെ വർധനവുണ്ടായി. 2016 ആദ്യ പാദത്തിൽ പ്രതിദിന പെട്രോൾ ഉപഭോഗം 5,85,000 ബാരലായിരുന്നു. 2017 ൽ ഇത് 5,90,000 ബാരലിലെത്തിയെങ്കിലും 2018 ൽ 5,50,000 ബാരലിലെത്തി. ഇത് 2014 ലെ ഉപഭോഗ നിലവാരമാണ്.
മുൻ വർഷങ്ങളിൽ ഡീസൽ ഉപഭോഗം വൻതോതിൽ വർധിച്ചതിനെ തുടർന്ന് പ്രാദേശിക വിപണിക്ക് ആവശ്യമായ ഡീസൽ രാജ്യത്തെ റിഫൈനറികൾക്ക് ലഭ്യമാക്കുന്നതിന് സാധിക്കാത്ത സാഹചര്യം വന്നു. അന്ന് വിദേശത്തുനിന്ന് ഡീസൽ ആവശ്യത്തിന്റെ ഒരു ഭാഗം ആഗോള നിരക്കിൽ ഇറക്കുമതി ചെയ്ത് കുറഞ്ഞ നിരക്കിൽ വിൽപന നടത്തുകയാണ് ചെയ്തത്. 2015 ആദ്യ പാദത്തിൽ പ്രതിദിന ഡീസൽ ഉപഭോഗം 6,85,000 ബാരലായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഇത് 5,05,000 ബാരലായി കുറഞ്ഞു.
2015 നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ഡീസൽ ഉപഭോഗത്തിൽ 26 ശതമാനം കുറവ് രേഖപ്പെടുത്തി. രണ്ടു വർഷത്തിനിടെ പ്രതിദിന ഡീസൽ, പെട്രോൾ ഉപഭോഗത്തിൽ രണ്ടര ലക്ഷം ബാരലിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പെട്രോളും ഡീസലും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. 2016 ൽ സൗദി അറേബ്യ പട്ടികയിൽ ഒമ്പതാമതായിരുന്നു. പ്രാദേശിക വിപണിയിൽ ഉപഭോഗം കുറയുകയും എണ്ണ ശുദ്ധീകരണ ശേഷി വർധിക്കുകയും ചെയ്തതോടെ ഈ വർഷം ആദ്യ പാദത്തിൽ പ്രതിദിനം എട്ടു ലക്ഷം ബാരൽ തോതിൽ സൗദി അറേബ്യ ഡീസൽ കയറ്റി അയച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.