കോട്ടയം- ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ രണ്ട് കര്‍ഷകരുടെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ക്രിസ്തുമസ് മുന്നില്‍ക്കണ്ട് വളര്‍ത്തിയ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവില്‍പ്പന നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കലക്ടര്‍ ഡോ. പി. കെ ജയശ്രീ നിര്‍ദേശം നല്കി. ഭൂമിശാസ്ത്രപരമായി വളരെ ഉള്ളിലുള്ള മേഖലയായതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാന്‍ സാദ്ധ്യത കുറവാണ്. അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.