തിരുവനന്തപുരം- ഭരണഘടനയെ വിമര്‍ശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇന്ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കാനാണ് സാദ്ധ്യത. തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച നടക്കാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സജി ചെറിയാന്‍ കേസുകളില്‍ നിന്ന് മുക്തനായ സാഹചര്യത്തിലാണ് മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നതിനുള്ള വഴിയൊരുങ്ങുന്നത്.
ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം എല്‍ എ പദവിയ്ക്ക് അയോഗ്യത കല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി ചെറുമന്‍, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളിയത്.
സജി ചെറിയാനെ മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ താമസിയാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. തന്റെ ഭാവി പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു കോടതി വിധിയ്ക്ക് പിന്നാലെ സജി ചെറിയാന്റെ പ്രതികരണം. തനിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎമ്മും തുടക്കത്തിലേ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ കേസ് പിന്‍വലിച്ചാല്‍ സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലെത്തുമെന്ന് വ്യക്തമായിരുന്നു.