ചെന്നൈ- ഡി എം കെയുടെ യുവജനവിഭാഗം സെക്രട്ടറിയും എം എല്‍ എയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെന്നൈ രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ ഇന്ന് രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍ എന്‍ രവി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദയനിധി മന്ത്രിപദം ഏറ്റെടുത്തത്. ചടങ്ങിന് മുന്നോടിയായി സര്‍ക്കാരിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിന് ഉദയനിധി സ്റ്റാലിന്‍ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.
മന്ത്രിസഭാ പുനഃസംഘടനയിലാണ് ചെപ്പോക്ക് തിരുവെള്ളൈക്കേനി നിയമസഭാംഗമായ ഉദയനിധിയെക്കൂടി മന്ത്രിസഭയിലെത്തിക്കാന്‍ തീരുമാനമായത്. നടന്‍, നിര്‍മ്മാതാവ് എന്ന പേരിലും ഏറെ പ്രശസ്തനാണ് ഉദയനിധി. യുവജന ക്ഷേമ, കായിക വകുപ്പുകളുടെ ചുമതല ഉദയനിധിയ്ക്ക് നല്‍കാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്.
ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്. 2021 മേയ് ഏഴിനായിരുന്നു സ്റ്റാലിന്‍ മന്ത്രിസഭ അധികാരമേറ്റത്. നിലവില്‍ സ്റ്റാലിനടക്കം 34 അംഗ മന്ത്രിസഭയാണ് തമിഴ്നാട്ടിലേത്. ചിന്നവര്‍ എന്നാണ് ഉദയനിധി പാര്‍ട്ടിക്കുളളില്‍ അറിയപ്പെടുന്നത്. മുത്തച്ഛനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി പണ്ട് മത്സരിച്ചിരുന്ന മണ്ഡലത്തില്‍ നിന്നും 69,355 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ഉദയനിധി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ഉദയനിധിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.