തൊടുപുഴ- വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന് മരിച്ച യുവാവിനെ സഹോദരന്‍ മരക്കമ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍. ഏഴല്ലൂര്‍ ഈസ്റ്റ് കലൂര്‍ മലേക്കാവ് തഴുവംചിറയില്‍ ജയേഷ് തങ്കപ്പന്‍(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ സുമേഷ് തങ്കപ്പനെ(27) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അച്ഛനെ ജയേഷ് അക്രമിക്കുന്നത് തടയുന്നതിനിടെ സുമേഷ് മരക്കൊമ്പിന് അടിക്കുകയായിരുന്നു. വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിലും പോലീസിലും സഹോദരന്‍ പറഞ്ഞത്.
നവംബര്‍ 12ന് രാത്രി ഒമ്പതോടെയാണ് സംഭവം. അച്ഛനും അമ്മക്കുമൊപ്പമാണ് സഹോദരങ്ങള്‍ താമസിക്കുന്നത്. ജയേഷ് പലപ്പോഴും വഴക്കിടുമായിരുന്നു. സംഭവ ദിവസം അച്ഛനുമായി വഴക്കായി. പലവട്ടം പറഞ്ഞു വിട്ടെങ്കിലും വീണ്ടുമെത്തി അക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ സുമേഷ് തേക്കിന്റെ വടി കൊണ്ട് ജയേഷിനെ അടിക്കുകയായിരുന്നു. തലക്കടിയേറ്റ് ബോധം കെട്ട് വീണ ജയേഷിനെ ഉടന്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴാം ദിവസം ജയേഷ് മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ എസ്.ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം വീട്ടില്‍ വഴക്കുണ്ടായതായി ജയേഷുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ മൊഴി നല്‍കിയതും സംശയത്തിനിടയാക്കി. മരിച്ച ജയേഷ് കഞ്ചാവ്, പോക്‌സോ കേസുകളില്‍ പ്രതിയാണ്.
ചിത്രം-പ്രതി സുമേഷ്