ന്യൂദല്‍ഹി- ശരീഅത്ത് നിയമത്തിലെ അനന്തരാവകാശ നിയമവും മറ്റും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമാണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മുസ്‌ലിം സ്ത്രീകളുടെ അനന്തരാവകാശം സംബന്ധിച്ച് മുസ്‌ലിംകള്‍ പിന്തുടരുന്ന വ്യവസ്ഥ ഭരണാഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാനം സത്യാവങ്മൂലം നല്‍കുന്നത്.
ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയ സഹാചര്യത്തിലാണ് സൊസൈറ്റി പ്രത്യേകാനുമതി ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലീം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹരജിയില്‍ വാദിച്ചിരുന്നു.
എന്നാല്‍, ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി നിയമനിര്‍മാണം നടത്തണമെന്നാണ് ചൂണ്ടിക്കാട്ടിയത്.
സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗത്തില്‍ നിലവിലുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും തുടരണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇസ്‌ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കും. അനന്തരാവകാശ തത്വങ്ങള്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. കോടതിയിലൂടെ അവരുടെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദിക്കും.
അനന്തരാവകാശത്തില്‍ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുവെന്ന ഹരജിക്കാരുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കണിക്കമെന്നും നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.