Sorry, you need to enable JavaScript to visit this website.

എങ്ങും ക്ലച്ച് പിടിക്കുന്നില്ല, കോണ്‍ഗ്രസില്‍ തിരിച്ചുകയറാന്‍ കെ.വി തോമസ് ചരടുവലിക്കുന്നു

തിരുവനന്തപുരം- പുതിയ ലാവണങ്ങളില്‍ ക്ലച്ച് പിടിക്കാതെ കെ.വി തോമസ് കോണ്‍ഗ്രസില്‍ തിരിച്ചുകയറാന്‍ ശ്രമം തുടങ്ങി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്നു നടപടിക്കു വിധേയനായ ഇദ്ദേഹം മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ദല്‍ഹിയില്‍ ചരടുവലി തുടങ്ങി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെയാണ് കെ.വി. തോമസിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. ഉമ തോമസ് തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകകൂടി ചെയ്തതോടെ നിശബ്ദനായി മാറിയ തോമസ്, കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു തന്നെയാണ് നിലകൊള്ളുന്നത്.

അതിനിടെ ശശി തരൂര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷപദത്തിലേക്ക് മത്സരിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ പൊതുനിലപാടിനു വിരുദ്ധമായി തരൂരിനെ പിന്തുണച്ച് കെ.വി. തോമസ് സംസ്ഥാന നേതൃത്വത്തോടുള്ള നീരസം ആവര്‍ത്തിച്ചിരുന്നു. സി.പി.എം സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ പാര്‍ട്ടിയില്‍ നോട്ടപ്പുള്ളിയായി മാറിയ തോമസിനെ കൈവിടുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. തരൂര്‍ ജയിച്ചിരുന്നെങ്കില്‍ തോമസിന്റെ തിരിച്ചുവരവിനു വഴിതെളിയുമായിരുന്നു.

സംസ്ഥാന നേതൃത്വത്തെ ഗൗനിക്കാതെ മുന്നോട്ടുപോകാമെന്ന ആദ്യ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ.വി. തോമസ്, തരൂര്‍, പി.ജെ. കുര്യന്‍ തുടങ്ങിയവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിപ്പോന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദല്‍ഹിക്കു പറക്കുന്നത്.

എ.ഐ.സി.സി അംഗമായി തുടരുന്ന അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ സാങ്കേതികമായി കെ.പി.സി.സിക്കു തടസമുണ്ട്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് തോമസ് ലക്ഷ്യമിടുന്നത്. ഒരാഴ്ചയോളം ദല്‍ഹിയില്‍ തങ്ങുന്ന അദ്ദേഹം, ഈ മാസം 22 നുശേഷമേ നാട്ടിലേക്കു മടങ്ങൂ.

 

Latest News