റിയാദ് - ബിനാമി ബിസിനസ് കേസ് പ്രതികളായ മൂന്നു പേരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദ് ബത്ഹയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാപനം നടത്തിയ യെമനി പൗരന്‍ ജമാല്‍ അലി ഉവൈസ് നാശിര്‍, ബംഗ്ലാദേശുകാരന്‍ ഉലിദ്ദീന്‍ കന്‍ശന്‍ അലി, ബിനാമി സ്ഥാപനം നടത്താന്‍ ആവശ്യമായ ഒത്താശകള്‍ ഇവര്‍ക്ക് ചെയ്തുകൊടുത്ത സൗദി പൗരന്‍ മുഹന്നദ് ബിന്‍ ഫഹദ് ബിന്‍ അഹ്മദ് അല്‍അരൈനി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂവര്‍ക്കും കോടതി പിഴ ചുമത്തി.
യെമനിയെയും ബംഗ്ലാദേശുകാരനെയും സൗദിയില്‍ നിന്ന് നാടുകടത്താനും വിധിയുണ്ട്. നിയമാനുസൃത നികുതികളും ഫീസുകളും കുറ്റക്കാരില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. സൗദി പൗരന്റെയും യെമനിയുടെയും ബംഗ്ലാദേശുകാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും മൂവരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
ബത്ഹയില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ സ്ഥാപനം ബിനാമിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം നിലക്ക് സ്ഥാപനം നടത്തിയിരുന്ന യെമനിയും ബംഗ്ലാദേശുകാരനുമാണ് മൊത്ത വിതരണക്കാരുമായി കരാറുകള്‍ ഒപ്പുവെക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നത്. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റീചാര്‍ജ് കൂപ്പണുകള്‍, മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് എന്നിവയുടെ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന യെമനിയും ബംഗ്ലാദേശുകാരനും നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം വിദേശങ്ങളിലേക്ക് അയക്കുകയാണ് ചെയ്തിരുന്നതെന്നും വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ വാണിജ്യ മന്ത്രാലയം മൂവര്‍ക്കുമെതിരായ കേസ് പിന്നീട് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.