Sorry, you need to enable JavaScript to visit this website.

സെമി: കളി തിരിക്കുന്ന കണക്കുകള്‍

ദോഹ - മുന്‍നിരക്ക് പിന്നില്‍ അവസരങ്ങളൊരുക്കുന്ന റോളിലാണ് ഈ ലോകകപ്പില്‍ ലിയണല്‍ മെസ്സി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്റ്‌സിനെതിരെ മെസ്സി പ്രതിരോധം പിളര്‍ന്നു നല്‍കിയ പാസ് ആ റോളിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു. 
മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍ ക്രൊയേഷ്യ ആരെങ്കിലും പ്രത്യേകമായി നിയോഗിക്കുമോ? സാധ്യതയില്ല. പകരം പഴുതടച്ച അവരുടെ പ്രതിരോധം പതിവ് ശൈലിയില്‍ കളിക്കാനാണ് ശ്രമിക്കുക. ലൂക്ക മോദ്‌റിച്ചും മാഴ്‌സെലൊ ബ്രോസവിച്ചും ആന്ദ്രെ ക്രാമരിച്ചുമടങ്ങുന്ന മധ്യനിര ലോകോത്തരമാണ്. ബ്രോസവിച്ചിനാണ് പ്രതിരോധച്ചുമതല. മെസ്സിയെ നിര്‍വീര്യമാക്കുന്നതില്‍ ഏറ്റവും പ്രധാന ചുമതല ബ്രോസവിച്ചിനായിരിക്കും. ബ്രസീലിനെതിരായ കളിയില്‍ മാറ്റിയൊ കൊവാസിച്ചായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധച്ചുമതല നിര്‍വഹിച്ചത്. ഒരിക്കല്‍കൂടി ആ ജോലി നിര്‍വഹിക്കേണ്ടി വരും. മുപ്പത്തേഴുകാരനായ മോദ്‌റിച്ച് കളിയുടെ വേഗം നിയന്ത്രിക്കും. പൊസഷന്‍ നിലനിര്‍ത്തും. അപകടകമായ മേഖലകളില്‍ പന്തെത്തുന്നുവെന്ന് ഉറപ്പുവരുത്തും. 

തളര്‍ച്ച ബാധിക്കുമോ?
രണ്ട് നോക്കൗട്ട് മത്സരങ്ങള്‍ ഷൂട്ടൗട്ട് വരെ കളിച്ചതിന്റെ ക്ഷീണവും അതിന്റെ വൈകാരികക്ഷതങ്ങളും ക്രൊയേഷ്യക്കുണ്ടാവും. 90 മിനിറ്റിനപ്പുറവം കളി എത്തിക്കുന്നതിലും ചെറുത്തുനില്‍ക്കുന്നതിലും രണ്ടു തവണ സ്ലാറ്റ്‌കൊ ദാലിച്ചിന്റെ ടീം വിജയിച്ചു. ജപ്പാനെതിരായ പ്രി ക്വാര്‍ട്ടറിലും ബ്രസീലിനെതിരായ ക്വാര്‍ട്ടറിലും ആദ്യം ഗോള്‍ വഴങ്ങിയ ശേഷമാണ് അവര്‍ തിരിച്ചടിച്ചത്. ആ മനോവീര്യം അര്‍ജന്റീനക്കെതിരെ അവര്‍ക്ക് കരുത്താകുമോ, അതോ ആ പോരാട്ടങ്ങളുടെ ക്ഷീണം പ്രകടമാവുമോ? നെതര്‍ലാന്റ്‌സിനെതിരായ ക്വാര്‍ട്ടറില്‍ കൂടുതല്‍ വൈകാരികമായി അര്‍ജന്റീനക്ക് കളിക്കേണ്ടി വന്നുവെന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്യും. 

പന്ത്രണ്ടാമന്‍
അര്‍ജന്റീനക്ക് വ്യക്തമായ മുന്‍തൂക്കമുള്ളത് ഗാലറിയുടെ പിന്തുണയിലാണ്. അത് പന്ത്രണ്ടാമനെ പോലെ അവര്‍ക്ക് പ്രചോദനം പകരും. നെതര്‍ലാന്റ്‌സിനെതിരെ അര്‍ജന്റീനയുടെ ആരാധകര്‍ അവര്‍ക്ക് നല്‍കിയ ആവേശം ലോകം കണ്ടതാണ്. ഹോം മത്സരം കളിക്കുന്നതിന്റെ ഗുണമാണ് ഇത് അര്‍ജന്റീനക്ക് നല്‍കുന്നത്. ലുസൈല്‍ സ്‌റ്റേഡിയം 89,000 പേര്‍ക്കിരിക്കാവുന്ന വലിയ കളിക്കളമാണ്. ക്രൊയേഷ്യയുടെ ചെറിയ ആരാധകക്കൂട്ടം ഈ സ്റ്റേഡിയത്തില്‍ ഒതുങ്ങിപ്പോവും. 

ഫോര്‍വേഡിന്റെ അഭാവം
മെസ്സി ഇറങ്ങിനിന്ന് കളിക്കുന്ന സാഹചര്യത്തില്‍ അര്‍ജന്റീനക്ക് മികച്ച ഫോര്‍വേഡിന്റെ അഭാവമുണ്ട്. ഇക്കാര്യത്തില്‍ ക്രൊയേഷ്യയും വ്യത്യാസമില്ല. ക്രാമരിച്ചായിരുന്നു ബ്രസീലിനെതിരെ സെന്റര്‍ ഫോര്‍വേഡിന്റെ റോളില്‍. ബ്രൂണൊ പെറ്റ്‌കോവിച് പകരക്കാരനായി വരികയും സമനില ഗോളടിക്കുകയും ചെയ്തു. നെതര്‍ലാന്റ്‌സിനെതിരെ യൂലിയന്‍ ആല്‍വരേസായിരുന്നു അര്‍ജന്റീനയുടെ പ്രധാന സ്‌ട്രൈക്കര്‍. ലൗതാരൊ മാര്‍ടിനേസ് പകരക്കാരനായി വന്നു, എകസ്ട്രാ ടൈമില്‍ എതിരാളികള്‍ക്ക് തലവേദനയായി, ഷൂട്ടൗട്ടിലെ അവസാന കിക്ക് ഗോളാക്കി. പെറ്റ്‌കോവിച്ചും  മാര്‍ടിനേസും ആദ്യ ഇലവനിലേക്ക് വരുമോയെന്ന് കണ്ടറിയണം. 

Latest News