തിരുവനന്തപുരം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്ച രാജ്ഭവനില്‍ നടക്കുന്ന വിരുന്നിനുള്ള ക്ഷണം നിരസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിരുന്നില്‍ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.
തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.
സര്‍ക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സഹകരിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. നിയമസഭാ സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷം ദല്‍ഹിക്ക് പോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിരുന്നില്‍ പങ്കെടുക്കില്ല.