Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ ഇല്ലാത്ത കാലത്തിലേക്ക് പോര്‍ചുഗല്‍

ദോഹ - രണ്ടു പതിറ്റാണ്ടായി ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇല്ലാത്ത ഭാവിയിലേക്ക് നോക്കി പോര്‍ചുഗല്‍. മൊറോക്കോയോട് ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റ ശേഷം കണ്ണീരോടെയാണ് മുപ്പത്തേഴുകാരന്‍ മടങ്ങിയത്. ഇനി റൊണാള്‍ഡോയെ പോര്‍ചുഗല്‍ ജഴ്‌സിയില്‍ കാണുമോയെന്ന് ഉറപ്പില്ല. രണ്ട് നോക്കൗട്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ റിസര്‍വ് ബെഞ്ചിലായിരുന്നു. റിസര്‍വ് ബെഞ്ചിലിരിക്കാനല്ല റൊണാള്‍ഡൊ ബൂട്ടണിയുന്നത്. അവരുടെ എക്കാലത്തെയും മികച്ച കളിക്കാരനാണ് റൊണാള്‍ഡൊ, ഏറ്റവുമധികം മത്സരം കളിച്ചതും ഗോളടിച്ചതും റൊണാള്‍ഡോയാണ്. 2014 നു ശേഷം പുതിയ കോച്ച് ചുമതലയേല്‍ക്കാനും സാധ്യതയേറെയാണ്. 
പ്രതിഭാസമ്പത്ത് കണക്കിലെടുക്കുമ്പോള്‍ പോര്‍ചുഗല്‍ സെമി ഫൈനലിലെങ്കിലുമെത്തേണ്ടതായിരുന്നു. ആദ്യ രണ്ട് കളികള്‍ അവര്‍ അനായാസം തോല്‍പിച്ചു. തെക്കന്‍ കൊറിയയോട് 1-2 ന് തോറ്റെങ്കിലും അത് രണ്ടാം നിരയായിരുന്നു. സ്വിറ്റ്‌സര്‍ലന്റിനെതിരായ 6-1 ജയത്തില്‍ രാജകീയമായിരുന്നു അവരുടെ പ്രകടനം. പക്ഷെ മൊറോക്കൊ പ്രതിരോധം അവരെ കുരുക്കിയിട്ടു. ഗോളി യാസീന്‍ ബൂനൂവിനെ കാര്യമായി പരീക്ഷിക്കാന്‍ പോലും ടീമിനായില്ല. കൈവിട്ടത് വലിയ അവസരമായിരുന്നു. 
19 വര്‍ഷം, 196 കളികള്‍, 118 ഗോള്‍.. റൊണാള്‍ഡോയുടെ കരിയര്‍ ഇങ്ങനെയവസാനിക്കുമോയെന്നാണ് അറിയേണ്ടത്. 2024 ലെ യൂറോ കപ്പില്‍ കളിക്കണമെന്നില്ലെങ്കില്‍ റൊണാള്‍ഡൊ തുടരാനിടയില്ല. 2026 ലെ ലോകകപ്പാവുമ്പോഴേക്കും നാല്‍പത്തൊന്നാവും. 
മുപ്പത്തൊമ്പതുകാരന്‍ സെന്റര്‍ബാക്ക് പെപ്പെയും അധികം തുടരാനിടയില്ല. നിരവധി പ്രതിഭകള്‍ ടീമിലുണ്ട് -ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലൊ റാമോസ് ഈ ലോകകപ്പിലെ ഏക ഹാട്രിക്കിനുടമയാണ്. പത്തൊമ്പതുകാരന്‍ സെന്റര്‍ബാക്ക് ആന്റോണിയൊ സില്‍വ, ഇരുപത്തിമൂന്നുകാരന്‍ ജോ ഫെലിക്‌സ്, ഫുള്‍ബാക്കുകളായ ഇരുപത്തിമൂന്നുകാരന്‍ ദിയോഗൊ ദലോട്, ഇരുപതുകാരന്‍ നൂനൊ മെന്‍ഡിസ് എന്നിവരായിരിക്കും ടീമിന്റെ ഭാവി. 

Latest News