Sorry, you need to enable JavaScript to visit this website.

നാല് ടീം, മൂന്ന് മേഖല, ഒരു ട്രോഫി

സെമി ഫൈനല്‍
അര്‍ജന്റീന-ക്രൊയേഷ്യ
ചൊവ്വ രാത്രി 10.00

മൊറോക്കൊ-ഫ്രാന്‍സ്
ബുധന്‍ രാത്രി 10.00

ദോഹ - 32 ടീമുകളുമായി 20 ദിവസം മുമ്പാരംഭിച്ച ലോകകപ്പ് അവസാന ലാപ്പിലേക്ക്. കായികരംഗത്തെ തന്നെ ഏറ്റവും അമൂല്യമായ കിരീടത്തിനായി മൂന്നു മേഖലകളിലെ നാലു ടീമുകളാണ് ബാക്കിയുള്ളത്. യൂറോപ്പില്‍നിന്ന് രണ്ടു ടീമുകള്‍-നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയും. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഇതേ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടാന്‍ സാധ്യതയേറെ. യൂറോപ്യന്‍ ഫൈനല്‍ ഒഴിവാക്കാനായി ലാറ്റിനമേരിക്കന്‍ പ്രതിനിധികളായി അര്‍ജന്റീനയും ആഫ്രിക്കന്‍ പ്രതിനിധികളായി മൊറോക്കോയും ഒരുങ്ങിനില്‍ക്കുന്നു. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും യൂറോപ്യന്‍ ടീമുകളാണ് ഏറ്റുമുട്ടിയത്. 2006 ല്‍ ഇറ്റലിയും ഫ്രാന്‍സും, 2010 ല്‍ സ്‌പെയിനും നെതര്‍ലാന്റ്‌സും 2018 ല്‍ ഫ്രാന്‍സും ക്രൊയേഷ്യയും. 2014 ല്‍ മാത്രമേ ഒരു ലാറ്റിനമേരിക്കന്‍ ടീമിന് ഫൈനലിലെത്താനായിട്ടുള്ളൂ -ജര്‍മനിക്കെതിരെ അര്‍ജന്റീന കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടി. ആഫ്രിക്കക്കാവട്ടെ ലോകകപ്പിന്റെ ക്വാര്‍ട്ടറിനപ്പുറം ഇതുവരെ കീഴടങ്ങാത്ത തീരമായിരുന്നു. ഒരു ഗ്രൂപ്പില്‍ നിന്നാണ് ക്രൊയേഷ്യയും മൊറോക്കോയും സെമി ഫൈനലിലേക്ക് മുന്നേറിയത് എന്നൊരു കൗതുകമുണ്ട്. ഈ ലോകകപ്പില്‍ പരാജയമറിയാത്ത രണ്ടു ടീമുകള്‍ മൊറോക്കോയും ക്രൊയേഷ്യയും മാത്രമാണ്. 
കഴിഞ്ഞ നാലു ലോകകപ്പുകളില്‍ മൂന്നിലും യൂറോപ്യന്‍ ടീമുകള്‍ മാത്രമാണ് ഏറ്റുമുട്ടിയത്. 2006 ല്‍ ലോകകപ്പ് സെമിയിലെത്തിയ നാലു ടീമുകളും യൂറോപ്പില്‍ നിന്നായിരുന്നു. ഫ്രാന്‍സ് 1-0 ന് പോര്‍ചുഗലിനെ തോല്‍പിച്ചു, ജര്‍മനിയെ 2-0 ന് ഇറ്റലി കീഴക്കി. ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇറ്റലി ചാമ്പ്യന്മാരായി. 2010 ലും യൂറോപ്യന്‍ സെമിയായിരുന്നു. സ്‌പെയിന്‍ 1-0 ന് ജര്‍മനിയെയും നെതര്‍ലാന്റ്‌സ് 3-2 ന് ഉറുഗ്വായെയും കീഴടക്കി. 2014 ല്‍ യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലായിരുന്നു സെമിയില്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീന ഷൂട്ടൗട്ടില്‍ നെതര്‍ലാന്റ്‌സിന് മേല്‍ വിജയം നേടി. ജര്‍മനി ആതിഥേയരാ ബ്രസീലിനെ 7-1 ന് തരിപ്പണമാക്കി. 2018 ല്‍ ക്രൊയേഷ്യ 2-1 ന് ഇംഗ്ലണ്ടിനെയും ഫ്രാന്‍സ് 1-0 ന് ബെല്‍ജിയത്തെയും സെമിയില്‍ കീഴടക്കി. 

ഫ്രാന്‍സ് x മൊറോക്കൊ 
(അല്‍ബെയ്ത് സ്‌റ്റേഡിയം)

ഈ ലോകകപ്പില്‍ പരാജയപ്പെടാത്ത രണ്ടു ടീമുകളിലൊന്നാണ് മൊറോക്കൊ. ബെല്‍ജിയവും ക്രൊയേഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തി. പ്രി ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ചുഗലിനെയും അവര്‍ കീഴടക്കി. ഓസ്‌ട്രേലിയയെയും ഡെന്മാര്‍ക്കിനെയും തോല്‍പിച്ചാണ് ഫ്രാന്‍സ് തുടങ്ങിയത്. എന്നാല്‍ നോക്കൗട്ട് ഉറപ്പാക്കിയ ശേഷം തുനീഷ്യയോട് തോറ്റു. പ്രി ക്വാര്‍ട്ടറില്‍ 3-1 ന് പോളണ്ടിനെയും ക്വാര്‍ട്ടറില്‍ 2-1 ന് ഇംഗ്ലണ്ടിനെയും തോല്‍പിച്ചു. 
ഫ്രാന്‍സും മൊറോക്കോയും അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാം സൗഹൃദ മത്സരങ്ങളായിരുന്നു. ഫ്രാന്‍സിലും അഞ്ചിലും തോറ്റില്ല. അവസാനത്തേത് 2007 ലെ 2-2 ഡ്രോ ആയിരുന്നു. 
ഫ്രാന്‍സ് ലോകകപ്പുകളില്‍ ആറു തവണ സെമി ഫൈനല്‍ കളിച്ചു. മൂന്നു തവണ ജയിച്ചിട്ടുണ്ട് (1998, 2006, 2018), ആദ്യ മൂന്നു തവണ തോറ്റു (1958, 1982, 1986)

അര്‍ജന്റീന x ക്രൊയേഷ്യ
(ലുസൈല്‍ സ്റ്റേഡിയം)

ഷൂട്ടൗട്ടുകളില്ലാതെ ഒരു കളി മാത്രം ജയിച്ച ടീമാണ് ക്രൊയേഷ്യ. സൗദി അറേബ്യയോട് തോറ്റ കനത്ത ഞെട്ടലില്‍ ലോകകപ്പാരംഭിച്ച ടീമാണ് അര്‍ജന്റീന. കാനഡയെ മാത്രമാണ് ക്രൊയേഷ്യ തോല്‍പിച്ചത്. മൊറോക്കോയുമായും ബെല്‍ജിയവുമായും സമനില പാലിച്ചു. പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടറില്‍ ബ്രസീലിനെയും തോല്‍പിച്ചത് ഷൂട്ടൗട്ടിലാണ്. 
ബ്രസീലിനെതിരെ അപൂര്‍വമായേ ക്രൊയേഷ്യക്ക് ഗോള്‍സാധ്യത സൃഷ്ടിക്കാന്‍ സാധിച്ചിരുന്നുള്ളൂ, വെറും മൂന്ന് കോര്‍ണറാണ് നേടിയത്. നെതര്‍ലാന്റ്‌സിനെ തോല്‍പിക്കാന്‍ അര്‍ജന്റീനക്കും ഷൂട്ടൗട്ട് വേണ്ടിവന്നുവെങ്കിലും അവര്‍ എട്ട് കോര്‍ണറുകള്‍ നേടിയെടുത്തു. 
അര്‍ജന്റീനയുടെ മാര്‍ക്കോസ് അകൂന, ഗോണ്‍സാലൊ മോണ്ടിയേല്‍ എന്നിവര്‍ക്ക് രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതിനാല്‍ സെമി ഫൈനല്‍ കളിക്കാനാവില്ല. അകൂന ഫസ്റ്റ് ഇലവന്‍ കളിക്കാരനാണ്. ക്രൊയേഷ്യയുടെ ഒരു കളിക്കാരനും സസ്‌പെന്‍ഷനില്ല. അകൂനക്ക് പകരം നിക്കൊളാസ് ടാഗ്ലിയാഫിക്കൊ കളിക്കും. ടാഗ്ലിയാഫിക്കോയാണ് സൗദിക്കെതിരായ ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. തോല്‍വിക്കു ശേഷം മാറ്റിയതായിരുന്നു. 

Latest News