ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നില്‍ സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് 50 ലക്ഷം രൂപ നഷ്്ടമായി. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 50 ലക്ഷം രൂപ മാറ്റപ്പെടുകയായിരുന്നു.ഒടിപി ആവശ്യപ്പെടാതെയാണ് സൈബര്‍ കുറ്റവാളികള്‍ ഈ ഇടപാട് നടത്തിയെന്നതാണ് പ്രത്യേകത. ഇയാളുടെ മൊബൈല്‍ ഫോണില്‍ പലതവണ മിസ്ഡ് കോള്‍ നല്‍കുക മാത്രമാണ് ചെയ്തത്. 50 രാത്രി ഏഴിനും 8.45 നും ഇടയിലാണ് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ വന്നത്. ഏതാനും കാളുകള്‍ എടുത്തിരുന്നു. പിന്നീട് എപ്പോഴോ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആര്‍ടിജിഎസ് വഴി 50 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയത്.
ഇയാളുടെ കമ്പനിയുടെ കറണ്ട് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പുകാര്‍ 50 ലക്ഷത്തിലധികം രൂപയുടെ ആര്‍ടിജിഎസ് ഇടപാട് നടത്തിയത്.
ഒടിപി ആവശ്യമില്ലാതെയാണ് തട്ടിപ്പ് നടത്തിയത്. 'സിം സ്വാപ്പിംഗ്' വിദ്യയാണ് പ്രതികള്‍ ഉപയോഗിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. തട്ടിപ്പുകാര്‍ ഉപഭോക്താവിന്റെ സിം കാര്‍ഡിലേക്ക് ആക്‌സസ് നേടുകയോ അല്ലെങ്കില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സ്വന്തമാക്കുകയോ ആണ് ചെയ്യുന്നത്. അല്ലെങ്കില്‍ സമാന്തര കോളിലൂടെ ഒടിപി പരാമര്‍ശിക്കുന്നത് തട്ടിപ്പുകാര്‍ കേട്ടിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
ജാര്‍ഖണ്ഡിലെ ജംതാര കേന്ദ്രീകരിച്ചുള്ളവരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. പണം സ്വീകരിച്ചവര്‍ വെറും അക്കൗണ്ട് ഉടമകളാകാമെന്നും അവര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ വാടകയ്ക്ക് തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.