ബെയ്ജിങ്- ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ തിബത്തന്‍ സന്യാസിമാര്‍ക്ക് ചൈനയിലെ ബുദ്ധ ആശ്രമങ്ങളില്‍ അധ്യാപനം നടത്താനാവില്ലെന്ന് ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ തെറ്റായ വിദ്യാഭ്യാസം നേടിയവരാണെന്നാണ് വിശദീകരണം.
പ്രാദേശിക ബുദ്ധിസ്റ്റുകളില്‍ വിഘടനവാദത്തിന് വേരോട്ടമുണ്ടാകുന്നത് തടയാനാണ് നടപടി. ചൈന വിഘടനവാദിയായി പരിഗണിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ അനുയായികള്‍ക്കാണ് വിലക്ക്. വിദേശ വിദ്യാഭ്യാസം നേടിയ ദലൈ ലാമയുടെ അനുയായികളായ ബുദ്ധ സന്യാസികളെ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിബത്ത് അതിര്‍ത്തിക്കടുത്ത ചൈനീസ് പ്രവിശ്യയായ സിചുവാനില്‍ വിലക്കുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തിബത്തില്‍ നിന്ന് പലായനം ചെയ്ത ബുദ്ധിസ്റ്റ് അഭയാര്‍ഥികള്‍ ഏറിയ പങ്കും ഇന്ത്യയിലാണ്. ദലൈ ലാമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ വിവിധ ആശ്രമങ്ങളിലാണ് സന്യാസിമാര്‍ പഠനം നടത്തുന്നത്.
തിബത്തന്‍ ബുദ്ധിസ്റ്റ് പഠനത്തിലെ ഉന്നത ബിരുദ പഠനത്തിന്റെ ഭാഗമായി സന്യാസിമാര്‍ ദേശാഭിമാന വിദ്യാഭ്യാസ ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ട്്. ഈ ക്ലാസുകളില്‍ മോശമായി പെരുമാറുകയോ വിഘടനവാദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ കര്‍ശനമായി നിരീക്ഷിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇത്തരക്കാരെ ബുദ്ധിസം പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കും.
ഇന്ത്യയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നത ബിരുദം നേടിയവര്‍ക്ക് ചൈനയില്‍ അംഗീകാരമുണ്ടാവില്ലെന്നും ചൈനയിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. 2004 മുതല്‍ ചൈന ഇതുവരെ 105 സന്യാസിമാര്‍ക്ക് മാത്രമേ ഈ ബിരുദം നല്‍കിയിട്ടുള്ളൂ.