ന്യൂദല്‍ഹി- ന്യൂദല്‍ഹി-ശൂദ്രനായതിനാല്‍ തന്നെ ധനമന്ത്രി നിര്‍മലാ സീതാരാമന് തന്നെ കണ്ണില്‍ പിടിച്ചില്ലെന്ന് കോണ്‍ഗ്രസ് അംഗം എന്‍.ആര്‍.റെഡ്ഡി.
തന്റെ ഭാഷ മെച്ചമല്ലാത്തതിനാലും ശൂദ്രനായതിനാലുമാണ് ധനമന്ത്രി തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞതെന്ന് തെലങ്കാനയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റെഡ്ഡി ആരോപിച്ചു.
ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥിതിയെ കുറിച്ചുള്ള ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ധനമന്ത്രി തന്റെ ഭാഷയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് റെഡ്ഡി കുറ്റപ്പെടുത്തി. 'എന്റെ ഭാഷ അത്ര നല്ലതല്ലാത്തതിനാലും ഞാന്‍ ഒരു ശൂദ്രനായതിനാലുമാണ് ധനമന്ത്രി എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞത്- അദ്ദേഹം പറഞ്ഞു.
അതിനിടെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല അംഗങ്ങള്‍ ഇവിടെ വരുന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ള ഓര്‍മിപ്പിച്ചു.
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാകുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അസൂയയാണെന്നും എല്ലാ കറന്‍സിക്കെതിരെയും രൂപ ശക്തമാണെന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദ്യത്തിനു മറുപടി നല്‍കിയത്.
നാണ്യ ശേഖരം റിസര്‍വ് ബാങ്ക് ഉപയോഗിച്ചുവെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നതില്‍ പാര്‍ലമെന്റിലെ ചിലര്‍ക്ക് അസൂയയുണ്ട് എന്നത് സങ്കടകരമാണ്. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ പ്രതിപക്ഷത്തിന് അതില്‍ പ്രശ്‌നമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയില്‍ എല്ലാവരും അഭിമാനിക്കണം. എന്നാല്‍ ചിലര്‍ ഇത് തമാശയായി കാണുന്നു- ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.