തിരുവനന്തപുരം - സ്‌കൂൾ സമയം മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂണിഫോം എന്തുവേണമെന്ന് അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം. മിക്‌സഡ് ബെഞ്ചും സർക്കാറിന്റെ ആലോചനയിൽ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് മുസ്‌ലിം സംഘടനകളുടെ രൂക്ഷമായ എതിർപ്പ് ഉയർന്നിരുന്നു. സർക്കാർ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കാൻ പോകുന്നുവെന്നും സ്‌കൂൾ സമയം മാറ്റി മദ്രസാപഠനം താളം തെറ്റിക്കാൻ പദ്ധതിയൊരുങ്ങുന്നതായും ആരോപണം ഉയർന്നു.
ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തെ എൻ ഷംസുദ്ദീൻ എം.എൽ.എ ഇക്കാര്യം ഉന്നയിക്കുകയുണ്ടായി. അതിനുള്ള മറുപടിയിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രി മറുപടി നൽകിയത്. ഷംസുദ്ദീനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കരടിലെ ഉള്ളടക്കം വിശദമായ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയതാണ്. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ചർച്ചകൾക്കായി പല നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമേ തീരുമാനം എടുക്കൂ. യൂണിഫോം എന്തു വേണമെന്ന് അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. മതനിരപേക്ഷതയെ മതനിരാസമായി കാണരുത്. മിക്‌സഡ് ബെഞ്ചും, മിക്‌സഡ് ഹോസ്റ്റലുമൊന്നും സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ലിംഗസമത്വത്തിന്റെ കാര്യത്തിൽ സർക്കാർ പിന്നോട്ടില്ലെന്നും ഈ സർക്കാർ വന്ന ശേഷമാണ് മിക്‌സഡ് സ്‌കൂളുകൾ കൂടുതലായി വന്നതെന്നും മന്ത്രി വിശദീകരിച്ചു.