ദോഹ - നെതര്‍ലാന്റ്‌സ്-അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ കശപിശകളുടെ പേരില്‍ ലിയണല്‍ മെസ്സിയെ ക്രൊയേഷ്യക്കെതിരായ സെമിയില്‍ നിന്ന് വിലക്കുമെന്ന ഊഹാപോഹം പ്രചരിക്കുന്നു. മത്സരം കഴിഞ്ഞ ശേഷം നല്‍കിയ ഒരെണ്ണമുള്‍പ്പെടെ 18 മഞ്ഞക്കാര്‍ഡുകളാണ് സ്പാനിഷ് റഫറി പുറത്തെടുത്തത്. ഇത് ലോകകപ്പ് റെക്കോര്‍ഡാണ്. മത്സരത്തെക്കുറിച്ച് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിനിടെ പലതവണ ഇരു ടീമിലെയും കളിക്കാര്‍ കൈയാങ്കളിയിലേര്‍പ്പെട്ടു. നെതര്‍ലാന്റ്‌സ് റിസര്‍വ് കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങി.
അവസാന വേളയില്‍ നെതര്‍ലാന്റ്‌സ് സമനില ഗോളടിച്ച ശേഷം റിസര്‍വ് കളിക്കാരും കോച്ചുമാരും ഗ്രൗണ്ടിലിറങ്ങിയതിനെതിരെ അര്‍ജന്റീന ഫെഡറേഷനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ജന്റീന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജയിച്ച ശേഷവും അനിഷ്ട സംഭവങ്ങളുണ്ടായി. ലിയണല്‍ മെസ്സിക്കുള്‍പ്പെടെ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.
എന്നാല്‍ മെസ്സിക്ക് സെമി കളിക്കാനാവില്ലെന്ന പ്രചാരണം സത്യമല്ല. എപ്പോള്‍ അന്വേഷണം പൂര്‍ത്തിയാവുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല അഞ്ചിലേറെ മഞ്ഞക്കാര്‍ഡ് ഉണ്ടാവുന്ന കളികളെക്കുറിച്ച് അന്വേഷണം ഉണ്ടാവാറുണ്ട്. അര്‍ജന്റീന, നെതര്‍ലാന്റ്‌സ് ഫെഡറേഷനുകള്‍ക്ക് ചുരുങ്ങിയത് 15,000 സ്വിസ് ഫ്രാങ്ക് പിഴ ലഭിക്കാനാണ് സാധ്യത. ഈ ലോകകപ്പില്‍ തന്നെ രണ്ടു തവണ സൗദി അറേബ്യക്ക് ഫിഫ പിഴയിട്ടിരുന്നു. ചൊവ്വാഴ്ചയാണ് അര്‍ജന്റീന സെമിയില്‍ ക്രൊയേഷ്യ നേരിടുന്നത്.