- ലീഗ് വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ഒരു പാർട്ടിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നത് അപക്വമായ നടപടിയെന്ന് സി.പി.ഐയിലെ ഒരു വിഭാഗം
തിരുവനന്തപുരം - മുസ്‌ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ വിഷയത്തിലെ ലീഗ് നിലപാട് കൃത്യമാണ്. ആർ.എസ്.പിയും ശരിയായ നിലപാടെടുത്തതോടെ യു.ഡി.എഫിൽ കോൺഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയിൽ യു.ഡി.എഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഗവർണർ-സർക്കാർ പോരിനിടെ തുടക്കം മുതലേ, പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട് വളരെ കൃത്യമായിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ പിന്നാക്കം പോയത് സംശയങ്ങൾക്ക് ഇടയാക്കിയെന്ന് ഇന്ന് ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശം ഉയർന്നിരുന്നു. വിമർശത്തിൽ കാമ്പുണ്ടെങ്കിലും ഘടകക്ഷികളുടെ വികാരം മാനിച്ചാണ് ചാൻസലർ വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പം നിൽക്കാൻ നിർബന്ധിതനായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിശദീകരിക്കുകയുണ്ടായി.
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നും കഴിഞ്ഞദിവസം എം.വി ഗോവിന്ദൻ പറഞ്ഞത് ഏറെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലീഗുമായി മുമ്പ് സി.പി.എം അധികാരം പങ്കിട്ടതടക്കം സൂചിപ്പിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വെളിപ്പെടുത്തൽ. ഏകീകൃത സിവിൽ കോഡ്, വിഴിഞ്ഞം, ചാൻസലർ പ്രശ്‌നങ്ങളിലെ ലീഗ് നിലപാടാണ് കോൺഗ്രസിന് വീണ്ടുവിചാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, മുന്നണി മാറ്റത്തിനുള്ള യാതൊരു സാധ്യതയും നൽകാതെ ലീഗ് നേതൃത്വം അതോട് കൃത്യമായ നിലപാട് വിശദീകരിക്കുകയുമുണ്ടായി. അപ്പോഴും ഏതെങ്കിലും താത്കാലിക രാഷ്ട്രീയ നേട്ടത്തിനോ മുന്നണി മാറ്റത്തിനോ, വേണ്ടിയല്ല കാര്യങ്ങൾ പറഞ്ഞതെന്ന് സി.പി.എം സെക്രട്ടറി വിശദീകരിക്കുകയുണ്ടായി. ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നും ഇടത് നിലപാടുകൾ അംഗീകരിക്കുന്ന ആർക്കും വാതിലുകൾ മലർക്കെ തുറന്നുകിടക്കുകയാണെന്നും പറഞ്ഞു. സത്യസന്ധമായ ഈ അഭിപ്രായപ്രകടനങ്ങളെ മതനിരപേക്ഷ സമൂഹവും വളരെ പോസിറ്റീവായാണ് സമീപിച്ചത്.
അതിനിടെ, ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് വ്യക്തമാക്കി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയും ഇന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ, ലീഗ് വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ഒരു പാർട്ടിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നത് അപക്വമായ ചർച്ചകളാണെന്ന് സി.പി.ഐയിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതേസമയം, യു.ഡി.എഫിലെ അസംതൃപ്തർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.