കൊല്ലം- ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് ശേഷം ആനയുടെ അടുത്ത് ഫോട്ടോ ഷൂട്ടിനെത്തിയ വധു വരന്മാര്‍ക്കുനേരെ ഓലമടല്‍ എറിയുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദേശീയ പാതയില്‍ ചവറ കെ.എം.എം.എല്ലിന് സമീപം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.
വിവാഹച്ചടങ്ങിന് ശേഷം ഫോട്ടോ ഷൂട്ടിനായി എത്തിയ വധുവിന്റെയും വരന്റെയും നേരെ ശരവണന്‍ എന്ന ആന ഓലമടല്‍ എടുത്ത് എറിയുകയായിരുന്നു. വരനായ ജയശങ്കറിന്റെ തോളില്‍ ഉരസിയാണ് മടല്‍ കടന്നുപോയത്. ഓലമടല്‍ വലിച്ചു കീറി തിന്നുകൊണ്ടിരുന്ന ശരവണന് ഫോട്ടോ ഷൂട്ട് ദഹിച്ചില്ലെന്നുവേണം കരുതാന്‍.
ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു ഗ്രീഷ്മയുടെയും ജയശങ്കറിന്റെയും വിവാഹം. പ്രാക്കുളം സ്വദേശി റെജിന്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള നാച്ചോ വെഡ്ഡിംഗ്‌സിനായിരുന്നു കല്യാണ വീഡിയോഗ്രാഫിയുടെ ചുമതല. ഗ്രീഷ്മയുടെ അച്ഛന്‍ ഉള്‍പ്പെടുന്ന ക്ഷേത്രം ഉപദേശക സമിതി വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്മനക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതാണ് ശരവണനെ.
പൊതുവേ ശാന്ത സ്വഭാവിയായ ശരവണന്റെ അടുത്ത് കൊച്ചുകുട്ടികള്‍ പോലും ഭയമില്ലാതെ പോകാറുണ്ട്. വൈക്കത്തഷ്ടമിക്ക് ഭഗവാന്റെ തങ്കത്തിടമ്പ് ഏറ്റിയതും ശരവണനായിരുന്നു. എന്നാല്‍ ശരവണന്റെ അപ്രീതിക്കുള്ള കാരണമെന്തെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് ആനപ്രേമികള്‍.