കോഴിക്കോട് - കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ബൗദ്ധിക വിഭാഗം മുൻ തലവൻ ടി.ജി മോഹൻദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം ക്യാമറയിൽ വരുന്ന വിധം സ്ഥിരമായി മുരളീധരനുമുണ്ടാകുമെന്നാണ് മോഹൻ ദാസിന്റെ പരിഹാസം.
ഈ നല്ല സാമർത്ഥ്യം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ഓർമിപ്പിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വാളിൽ പ്രതികരിച്ചത്.
എഫ്.ബി കുറിപ്പ് ഇങ്ങനെ:
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പിറകിൽ, സൈഡിലായി വിഡിയോയിൽ വരത്തക്കവിധം ഇരിക്കും! കാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത്, കെട്ടോ.