ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത മന്ത്രിസഭാ പുനസ്സംഘടനയില്‍ മന്ത്രിമാരായ സ്മൃതി ഇറാനിക്കും കേരളത്തില്‍നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിനും പദവികളില്‍ മാറ്റം.
ഏറ്റവുമൊടുവില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം അടക്കം വിവാദങ്ങളില്‍ മുങ്ങിയ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് മന്ത്രി സമൃതി ഇറാനിയെ നീക്കി. സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോഡാണു പുതിയ വാര്‍ത്താ വിതരണ മന്ത്രി. സ്മൃതി ഇറാനി ടെക്‌സ്‌റ്റൈല്‍സ് മന്ത്രി മാത്രമായി തുടരും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇതു രണ്ടാം തവണയാണ് സമൃതി ഇറാനിയെ മന്ത്രാലയത്തിന്റെ ചുമതല മാറ്റുന്നത്.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി വിശ്രമിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു പകരം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് ധനവകുപ്പിന്റെ അധിക ചുമതല നല്‍കി. ജെയ്റ്റ്‌ലിയുടെ ശസ്ത്രക്രിയ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിജയകരമായി നടന്നു.
ടൂറിസം വകുപ്പു മന്ത്രിയായ അല്‍ഫോന്‍സ് കണ്ണാനത്തില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ചുമതല എടുത്തു മാറ്റി. നേരത്തെ ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മന്ത്രിയായിരുന്ന ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എസ്.എസ് ആലുവാലിയയാണ് പുതിയ ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രി.
വാര്‍ത്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര മന്ത്രിസഭയിലെ മാറ്റം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മാറ്റം.