ദോഹ - പത്തു പേരുമായി പൊരുതിയ മൊറോക്കൊ ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ അറബ്, ആഫ്രിക്കന്‍ ചരിത്രമെഴുതി. ഇഞ്ചുറി ടൈമില്‍ വലീദ് ഷെദീറ ചുവപ്പ് കാര്‍ഡ് കണ്ടിട്ടും ഈറ്റപ്പുലികളെ പോലെ പൊരുതിയ അറ്റ്‌ലസ് ലയണ്‍സ് 1-0 ന് പോര്‍ചുഗലിന്റെ പറങ്കിവീര്യത്തെ നിഷ്പ്രഭമാക്കി. ഈ ലോകകപ്പില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീം ആ പ്രതിരോധ മികവ് മുഴുവന്‍ രണ്ടാം പകുതിയില്‍ പുറത്തെടുത്താണ് ലീഡ് കാത്തത്.
ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍, അറബ് ടീമായി മൊറോക്കോ. ഇടവേളക്ക് അല്‍പം മുമ്പ് യൂസുഫ് അന്നസീരി നേടിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളില്‍ അവര്‍ പോര്‍ചുഗലിനെ അട്ടിമറിച്ചു. പതിഞ്ഞ താളത്തില്‍ മുന്നേറിയ കളിക്ക് ഇടവേളക്ക് അല്‍പം മുമ്പാണ് ജീവന്‍ വെച്ചത്. മൊറോക്കൊ ഗോളടിച്ചതിന് തൊട്ടുപിന്നാലെ പോര്‍ചുഗല്‍ ഗോള്‍ മടക്കേണ്ടതായിരുന്നു. ജോ ഫെലിക്‌സിന്റെ ഷോട്ട് ക്രോസ്ബാറിനിടിച്ച് തെറിച്ചു. മറുവശത്ത് ഹജ്ജതുല്ലയും മികച്ച അവസരം പാഴാക്കി.
രണ്ടാം പകുതിയില്‍ പോര്‍ചുഗല്‍ മുന്‍നിര മറുപടി ഗോള്‍ തേടി മൊറോക്കന്‍ ഏരിയയില്‍ തമ്പടിച്ചു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ജോ കാന്‍സേലോയും എമേഴ്‌സന്‍ ലിയാവോയുമുള്‍പ്പപെടെ കളത്തിലെത്തി. ഒന്നിനു പിറകെ ഒന്നായി അവര്‍ അവസരങ്ങള്‍ ഒരുക്കിയെടുത്തു. ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ എണ്ണം പറഞ്ഞ ഷോട്ട് പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തേക്കു പോയി. ജോ ഫെലിക്‌സിന്റെ ബുള്ളറ്റ് ഷോട്ട് ഗോളി തടുത്തിട്ടു. അവസാന മിനിറ്റില്‍ റൊണാള്‍ഡോയുടെ നിലംപറ്റെയുള്ള ഷോട്ടും മൊറോക്കന്‍ ഗോളിയുടെ മികവിനു മുന്നില്‍ പാഴായി. ഇഞ്ചുറി ടൈമില്‍ മറുവശത്ത് തുറന്നു കിട്ടിയ അവസരം മൊറോക്കൊ തുലച്ചു. ഇരമ്പിക്കയറിയ ലിയാവൊ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പെപ്പെ ബുള്ളറ്റ് ഹെഡറിലൂടെ തിരിച്ചുവിട്ടെങ്കിലും അല്‍പം കൊണ്ട് ലക്ഷ്യം തെറ്റി. അതോടെ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വ്പ്‌നങ്ങള്‍ ദുരന്തമായി ്‌വസാനിച്ചു.
അറബ്, ആഫ്രിക്കന്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയോടെയാണ് മൊറോക്കൊ പൊരുതിയത്. ഉടനീളം ഗാലറി ആര്‍ത്തുവിളിച്ച് പിന്തുണയേകി. . അറബ് ലോകത്തിന്റെ മാത്രമല്ല ആഫ്രിക്കയുടെയും പിന്തുണയുണ്ട് മൊറോക്കോക്ക്. ആഫ്രിക്കയില്‍ നിന്ന് കാമറൂണും (1990) സെനഗാലും (2002) ഘാനയും (2010) മാത്രമേ ഇതിനു മുമ്പ് ക്വാര്‍ട്ടര്‍ കളിച്ചിട്ടുള്ളൂ. മൂന്നു ടീമും തോറ്റു. അതിനാല്‍ മൊറോക്കോയെ കാത്തിരിക്കുന്നത് അപൂര്‍വ അവസരമാണ്. യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തു നിന്ന് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയ ഏക ടീം കൂടിയാണ് അവര്‍. സ്‌പെയിനിനെതിരായ അവരുടെ ഷൂട്ടൗട്ട് ജയം ലോകമെങ്ങുമുള്ള മൊറോക്കൊ വംശജര്‍ക്ക് ആവേശം പകര്‍ന്നു.