ജിദ്ദ- ലോകത്ത് ആദ്യമായി ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ ഗ്രൗണ്ട് പ്ലെയിൻ സാങ്കേതിക വിദ്യ നടപ്പാക്കി സൗദിയ റെക്കോർഡിട്ടു. കഴിഞ്ഞ ശനിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിംഗ് സൽമാൻ കപ്പ് ഫൈനൽ മത്സരത്തിനിടെയാണ് ഗ്രൗണ്ട് പ്ലെയിൻ സാങ്കേതിക വിദ്യ സൗദിയ പരീക്ഷിച്ചത്. ഗ്രൗണ്ടിനും കളിക്കാർക്കും സമീപം ഇരുന്ന് മത്സരം വീക്ഷിക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ സാങ്കേതിക വിദ്യയിൽ പന്ത് നീങ്ങുന്ന ദിശക്കനുസരിച്ച് സീറ്റുകൾ നീങ്ങുമെന്നതാണ് പ്രത്യേകത. ഗ്രൗണ്ട് പ്ലെയിനിൽ നാലു സീറ്റുകളാണുള്ളത്. ഭാവിയിൽ സ്റ്റേഡിയങ്ങളിൽ ഫുട്‌ബോൾ പ്രേമികൾക്ക് ഈ സേവനം ലഭ്യമാകും.
മണിക്കൂറിൽ മുപ്പതു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഗ്രൗണ്ട് പ്ലെയിൻ കോർട്ടിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കും. ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയിൽ വിദഗ്ധർ നിയന്ത്രിക്കുന്ന ഗ്രൗണ്ട് പ്ലെയിനിൽ നാലു സീറ്റുകളാണുള്ളതെന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർക്കാണ് ഗ്രൗണ്ട് പ്ലെയിൻ സീറ്റിൽ ഇരുന്ന് കളി കാണുന്നതിന് അവസരമൊരുക്കുന്നതെന്നും സൗദിയ വൈസ് പ്രസിഡന്റ് ഫഹദ് അൽജർബൂഅ് പറഞ്ഞു.