- മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും
ഷിംല - അവകാശവാദങ്ങൾക്കും നാടകീയ നീങ്ങൾക്കും ഒടുവിൽ ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിച്ച പി.സി.സി മുൻ അധ്യക്ഷൻ സുഖ്‌വിന്ദർ സിംഗ് സുഖുവായിരിക്കും മുഖ്യമന്ത്രി. നിലവിലുള്ള പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രിയാകും. നാളെ രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കുമെന്ന് കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗൽ അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച പി.സി.സി അധ്യക്ഷയും എം.പിയുമായ പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര് അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡ് എം.എൽ.എമാരിൽനിന്ന് അഭിപ്രായങ്ങൾ നേരിട്ട് ശേഖരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിന് മിന്നും ജയത്തിലൂടെ അധികാരം തിരിച്ചുപിടിക്കാൻ കൂടെനിന്ന ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും നിയുക്ത മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിച്ചു. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്.
ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസിന് പുതുജീവൻ നൽകിയിരുന്നു. എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനങ്ങൾ പ്രവർത്തകരിലും പൊതുസമൂഹത്തിലും വലിയ സ്വാധീനവും ഉളവാക്കി. നാലു പതിറ്റാണ്ടു കാലമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന സുഖു നേതൃത്വത്തിനും ജനങ്ങൾക്കും ഏറെ പ്രിയങ്കരനാണ്. ഹിമാചൽ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള നേതാവാണ് സുഖു. സംസ്ഥാന കോൺഗ്രസിന്റെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരായി പാർട്ടിയിൽ പലപ്പോഴും സത്യസന്ധമായ നിലപാടെടുത്ത നേതാവ് കൂടിയാണ് സുഖു. സംസ്ഥാനം ബി.ജെ.പിക്ക് ഒപ്പം നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും അനുരാഗ് താക്കൂറിന്റെ ജില്ലയായ ഹമിർപൂരിനെ കോൺഗ്രസിനൊപ്പം നിലനിർത്തിയത് സുഖുവിന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളായിരുന്നു.