ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു കുറ്റപത്രം തയാറാക്കിയത് ഫോറന്‍സിക്, മെഡിക്കല്‍, നിയമ വശങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്നാണ് ദല്‍ഹി പോലീസ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. സൈക്കോളജിക്കല്‍ പോസ്റ്റ് മോര്‍ട്ടം വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്നും ദല്‍ഹി പോലീസ് വക്താവ് പറഞ്ഞു.
സുനന്ദ പുഷ്‌കര്‍ അതിക്രൂരമായി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിവിധ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം തയാറാക്കിയ കുറ്റപത്രത്തില്‍ ശശി തരൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിക്കൊണ്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ആവശ്യപ്പെടുന്നു. ദല്‍ഹി സരോജി നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് കുറ്റപത്രത്തില്‍ തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. 306 ആത്മഹത്യ പ്രേരണക്കുറ്റമാണ്. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തില്‍ അധികമാകുന്നതിന് മുമ്പ് ഭാര്യയെ ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുന്നതിനെതിരേയുള്ളതാണ് 498 എ വകുപ്പ്. സാധാരണ ഈ വകുപ്പു ചുമത്തുന്ന കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതാണ് നടപടി. എന്നാല്‍ തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശശി തരൂര്‍ പോലീസിനോട് പൂര്‍ണമായി സഹകരിച്ചിരുന്നു. ആവശ്യപ്പെട്ടപ്പോഴെല്ലാം നേരിട്ടു ഹാജരാകുകയും ചെയ്തു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ തരൂര്‍ നേരിട്ട് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരായേക്കും.
ബി.ജെ.പി ഉള്‍പ്പെടെ എതിരാളികള്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഏറെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇതിനു മുന്നില്‍ നിന്നത്. സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ ആദ്യം കണ്ടത് ശശി തരൂരാണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. മരണത്തെ തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വിവാദങ്ങളായിരുന്നു ഫലം. അസ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കിയത്. ആല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ആല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ശരീരത്തില്‍നിന്നു കണ്ടെത്താനായില്ല. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി ഡോ. സുധീര്‍ ഗുപ്ത തന്നെ വ്യക്തമാക്കി രംഗത്തുവന്നു.
ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പരിശോധനകളില്‍ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതോടെ സുനന്ദയുടെ ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനക്കായി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സഹായവും ദല്‍ഹി പോലീസ് തേടിയിരുന്നു. കേസില്‍ ശശി തരൂര്‍ ഉള്‍പ്പടെ ഏഴു പേരെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഇതില്‍ ആറു പേരെ നുണ പരിശോധനക്കും വിധേയരാക്കി.