ഇംഗ്ലണ്ട്-ഫ്രാന്‍സ്
ശനിയാഴ്ച രാത്രി 10.00
അല്‍ബെയ്ത് സ്റ്റേഡിയം
ദോഹ - നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഏതൊക്കെ ഘടകങ്ങളായിരിക്കും ഫലം നിര്‍ണയിക്കുക? ഇരുപത് മൈല്‍ കടലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഫുട്ബോള്‍ രാജ്യങ്ങളാണ് ഇംഗ്ലണ്ടും ഫ്രാന്‍സും. കൗതുകമെന്നു പറയാം, ലോകകപ്പില്‍ ഈ ടീമുകള്‍ രണ്ടു തവണയേ ഏറ്റുമുട്ടിയിട്ടുള്ളൂ. അവസാനത്തേത് 40 വര്‍ഷം മുമ്പാണ്, 1982 ല്‍. ഫ്രാന്‍സ് പ്രി ക്വാര്‍ട്ടറില്‍ പോളണ്ടിനെ തരിപ്പണമാക്കി, ഇംഗ്ലണ്ട് തുടക്കത്തില്‍ പതറിയ ശേഷം സെനഗാലിനെ പിച്ചിച്ചീന്തി. ഈ ലോകകപ്പില്‍ ഏറ്റവും ഗോളടിച്ച ടീം ഇംഗ്ലണ്ടാണ്, നാലു കളികളില്‍ 12.
കറങ്ങിത്തിരിഞ്ഞ് എംബാപ്പെ
അഞ്ച് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററാണ് കീലിയന്‍ എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേഡ്. എംബാപ്പെയുടെ സ്വാധീനം നിയന്ത്രിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിയും. ഇംഗ്ലണ്ടിന്റെ റൈറ്റ് ബാക്ക് കയ്ല് വാക്കര്‍ വേഗവും ധാരണയും കൊണ്ട് ഒന്നാന്തരം ഡിഫന്ററായി പക്വതയാര്‍ജിച്ചിട്ടുണ്ട്. വാക്കറിന് എംബാപ്പെയെ തളച്ചിടാനാവുമോയെന്നതാണ് പ്രശ്നം. എംബാപ്പെക്ക് കറങ്ങി നടക്കാന്‍ ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷോം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. അത് സ്ട്രൈക്കര്‍ പൂര്‍ണമായി ഉപയോഗിക്കും. ഇടക്ക് വലതു വിംഗിലേക്ക് മാറും, അവിടെ ലൂക്ക് ഷോക്ക് വലിയ വേഗമില്ല. ചിലപ്പോള്‍ മധ്യത്തില്‍ ഒലീവിയര്‍ ജിരൂവിനു സമീപത്തേക്ക് എംബാപ്പെ നീങ്ങും. അത് ജോണ്‍ സ്റ്റോണ്‍സിനും ഹാരി മഗ്വയര്ക്കും തലവേദനയാവും.
വിംഗില്‍ ഭീഷണിയായി ഇംഗ്ലണ്ട്
വിംഗുകളിലാണ് ഫ്രാന്‍സിന്റെ ദൗര്‍ബല്യം. ഫുള്‍ബാക്കുകളായ യൂള്‍സ് കൂണ്ടെയും തിയൊ ഹെര്‍ണാണ്ടസും കനത്ത വെല്ലുവിളി നേരിടും. കൂണ്ടെ സാധാരണ സെന്റര്ബാക്കായാണ് കളിക്കാറ്. തിയൊ അറ്റാക്കിംഗിലാണ് മെച്ചം. പതിവ് ഫുള്‍ബാക്കുകളുടെ പ്രതിരോധച്ചുമതല ഇരുവര്‍ക്കും നിര്വഹിക്കാനാവുമോയെന്നതാണ് പ്രശ്നം. ഫില്‍ ഫോദനായിരിക്കും ഇടതു വിംഗില്‍ ഇംഗ്ലണ്ടിനു വേണ്ടി ഇറങ്ങുക. ബുകായൊ സാക വലത്തും. മാര്‍ക്കസ് റാഷ്ഫഡ്, ജാക്ക് ഗ്രീലിഷ് എന്നിവര്‍ ബെഞ്ചിലുണ്ട്. പ്ലേയിംഗ് ഇലവനില്‍ സാകയെ ഇറക്കി ഡിഫന്ററെ ഓടിത്തളര്ത്തും. ഒടുവില്‍ പകരക്കാരനായി റാഷ്ഫഡിനെ ഇറക്കും. കളിക്ക് വേഗം കൂടുമ്പോള്‍ വിംഗുകളില്‍ ഇംഗ്ലണ്ട് കരുത്താര്‍ജിക്കും. അത് ഹാരി കെയ്നിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വേഗം കുറക്കാനും മധ്യഭാഗത്തേക്കുള്ള വഴി അടക്കാനുമായിരിക്കും ഫ്രാന്‍സ് ശ്രമിക്കുക. ഇല്ലെങ്കില്‍ ഗോളി ഹ്യൂഗൊ ലോറീസിന് ശ്വാസം വിടാന്‍ സമയം കിട്ടില്ല.
മധ്യനിരയിലെ പോരാട്ടം
ആന്റോയ്ന്‍ ഗ്രീസ്മാന് സപ്പോര്‍ട് സ്ട്രൈക്കറില്‍ നിന്ന് ക്രിയേറ്റിവ് മിഡ്ഫീല്‍ഡറിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. കളി നിയന്ത്രിക്കാനും മാരക ക്രോസുകള്‍ നല്‍കാനും ഗ്രീസ്മാന് സാധിക്കും. ഗ്രീസ്മാനെ തടയാന്‍ ഡെക്ലാന് റൈസിനെയാണ് ഇംഗ്ലണ്ട് ഉപയോഗിക്കുക. പക്ഷെ റൈസിന് പരിക്കുണ്ട്. ജൂഡ് ബെലിംഗാമിനെ ഇംഗ്ലണ്ട് പ്രതിരോധത്തിന് ഉപയോഗിക്കുമോ അതോ കൂടുതല്‍ ആക്രമണച്ചുമതല നല്‍കുമോയെന്ന് കണ്ടറിയണം. പോള്‍ പോഗ്ബയുടെയും എന്‍ഗോളൊ കാണ്ടെയുടെയും അഭാവം ഫ്രഞ്ച് മധ്യനിരയില്‍ പരിഹരിക്കാന്‍ അഡ്രിയന്‍ റാബിയോക്കും ഒറേലിയന്‍ ചൂമേനിക്കും സാധിച്ചിട്ടുണ്ട്. ഗ്രീസ്മാനും ചേരുന്നതോടെ മധ്യനിര ഉജ്വലമാണ്.
റിസര്‍വ് ബെഞ്ചിന്റെ ശക്തി
റിസര്‍വുകളില്‍ ഇംഗ്ലണ്ടിനാണ് ശക്തി. റാഷ്ഫഡും ഗ്രീലിഷും അവസാന 20 മിനിറ്റില്‍ കളത്തിലിറങ്ങും. അതോടെ ഗുണനിലവാരം കുറയാതെ തന്നെ ആക്രമണത്തില്‍ പുതുമ കണ്ടെത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും. എംബാപ്പെയെയോ ഉസ്മാന് ദെംബെലെയെയോ നിയന്ത്രിക്കാന്‍ ഫുള്‍ബാക്കുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പകരക്കാരനായി കീരന് ട്രിപ്പിയറുണ്ട്. മധ്യനിരയില്‍ ഗോളവസരങ്ങളാണ് തേടുന്നതെങ്കില്‍ മെയ്സന്‍ മൗണ്ടും ജെയിംസ് മാഡിസനും തയാറായി നില്പുണ്ടാവും. ഫ്രാന്‍സിന് മികച്ച പകരക്കാരുണ്ടെങ്കിലും ഇത്ര ഗുണനിലവാരമുള്ളവരില്ല. അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ ഇറക്കാമെന്നിരിക്കെ അവസാന ഘട്ടത്തില്‍ കളി കൈയിലെടുക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കും.