Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ ബെഞ്ചില്‍ തന്നെ

ദോഹ - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ പ്ലേയിംഗ് ഇലവനിലുണ്ടാവുമോ അതോ റിസര്‍വ് ബെഞ്ചിലിരിക്കുമോ? മൊറോക്കോക്കെതിരായ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് 90 മിനിറ്റ് മുമ്പാണ് പോര്‍ചുഗല്‍ ടീം പ്രഖ്യാപിക്കുക. അതിനായി ആകാംക്ഷയോടെ  കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇത്തവണയും താരം ബെഞ്ചില്‍ തന്നെ. പകരം ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലൊ റാമോസ് തന്നെ ആക്രമണം നയിക്കും. ബ്ൂണൊ ഫെര്‍ണാണ്ടസും ബെര്‍ണാഡൊ സില്‍വയും ജോ ഫെലിക്‌സും സഹായിക്കും. ഡിഫന്റര്‍ ജോ കാന്‍സേലോയെയും പ്ലേയിംഗ് ഇലവനിലുള്‍പെടുത്തിയില്ല. 
ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ റൊണാള്‍ഡോക്ക് ഇതുവരെ ഗോളടിക്കാനായിട്ടില്ല. റൊണാള്‍ഡൊ ഇല്ലാത്ത പോര്‍ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ അസാധാരണമായ ഒഴുക്കോടെയാണ് കളിച്ചത്. പകരമിറങ്ങിയ ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലൊ റാമോസ് ഹാട്രിക് നേടി. 6-1 ന് അവര്‍ സ്വിറ്റ്‌സര്‍ലന്റിനെ തകര്‍ത്തു. 
2014 ലാണ് ഫെര്‍ണാണ്ടൊ സാന്റോസ പോര്‍ചുഗല്‍ കോച്ചായി ചുമതലയേറ്റത്. പോര്‍ചുഗല്‍ കളിക്കുന്ന വിരസമായ ഫുട്‌ബോളിന്റെ പേരില്‍ കോച്ച് എന്നും വിമര്‍ശിക്കപ്പെടാറുണ്ട്. 2006 ല്‍ മെക്‌സിക്കോക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ റിസര്‍വ് ബെഞ്ചിലിരുന്ന ശേഷം പോര്‍ചുഗലിന്റെ എല്ലാ ലോകകപ്പ് മത്സരങ്ങളിലും റൊണാള്‍ഡൊ പ്ലെയിംഗ് ഇലവനിലുണ്ട്. റൊണാള്‍ഡൊ കളിക്കുമ്പോള്‍ എല്ലാ ആക്രമണവും ഒരു വഴിയിലൂടെയാണ്, എല്ലാവരും പന്ത് റൊണാള്‍ഡോക്ക് കൈമാറും. മറിച്ച് എതിരാളികള്‍ ആക്രമിക്കുമ്പോള്‍ തിരിഞ്ഞോടാനുള്ള വേഗം ഇപ്പോള്‍ റൊണാള്‍ഡോക്കില്ല. 2016 ലെ യൂറോ കപ്പ് പോര്‍ചുഗല്‍ നേടിയെന്നതു ശരിയാണ്, അത് പ്രതിരോധത്തികവ് കൊണ്ടായിരുന്നു. ഫ്രാന്‍സില്‍ അവര്‍ ഒരു കളി മാത്രമാണ് അവര്‍ 90 മിനിറ്റില്‍ ജയിച്ചത്. 
മുപ്പത്തേഴുകാരന് പകരക്കാരില്ലാഞ്ഞിട്ടല്ല. റൊണാള്‍ഡോ ഇല്ലാതെ കളിച്ച മത്സരങ്ങള്‍ ടീം തോറ്റിട്ടല്ല. പ്രതിഭാസമ്പന്നമാണ് പോര്‍ചുഗല്‍, റാമോസും റഫായേല്‍ ലിയോവോയും ജോ ഫെലിക്‌സുമുള്‍പ്പെടെ യുവപ്രതിഭകളുണ്ട്. എങ്കിലും റൊണാള്‍ഡോയെ പുറത്തിരുത്താന്‍ ഭയമായിരുന്നു സാന്റോസിന്. തെക്കന്‍ കൊറിയക്കെതിരായ അപ്രസക്തമായ ലീഗ് മത്സരത്തില്‍ വരെ ഇറക്കി. 
എന്നാല്‍ ആ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ റൊണാള്‍ഡൊ പ്രതികരിച്ചത് കോച്ചിന് പിടിവള്ളിയായി. റൊണാള്‍ഡൊ ടീമില്‍ വേണ്ടെന്ന് പോര്‍ചുഗലിലെ ഒരു പത്രം നടത്തിയ സര്‍വേയില്‍ ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടു. 
ജോ കാന്‍സേലൊ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ പോര്‍ചുഗല്‍ നിരയില്‍ അത്ര ഫലവത്തല്ല. അതിനാല്‍ കാന്‍സേലോയെയും പുറത്തിരുത്തി. പകരം റഫായേല്‍ ഗുരേരോയെ കൊണ്ടുവന്നു. ഗുരേരൊ ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്തു.
 

Latest News