കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് വോട്ടെടുപ്പ് വ്യാപക അക്രമത്തില്‍ കലാശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിവരെ 75 ശതമാനമാണ് പോളിംഗ്.
ഈയടുത്ത വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നടന്ന ഏറ്റവും രക്തരൂഷിത വോട്ടെടുപ്പാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, നദിയ, മുര്‍ഷിദാബാദ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നാംഖാന പ്രദേശത്ത് സി.പി.എം പ്രവര്‍ത്തകന്‍ ദേബു ദാസിന്റെ വീട് കത്തിച്ച സംഭവത്തിലാണ് ദാസും ഭാര്യ ഉഷയും മരിച്ചത്. ഇതേ ജില്ലയിലെ കുതല്‍താലി പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആരിഫ് ഹുസൈന്‍ ഗാസി വെടിയേറ്റു മരിച്ചു. നദിയ ജില്ലയിലെ ശാന്തിപുര്‍, നകാശിപര എന്നിവിടങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അംഡംഗയിലും മുര്‍ഷിദാബാദിലെ ബെല്‍ഡംഗയിലുമാണ് ബാക്കി മരണം.
കൂച്ച്ബിഹാര്‍ ജില്ലയില്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ രബിന്ദ്രനാഥ് ഘോഷ് ബി.ജെ.പി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗര്‍, കൂച്ച്ബിഹാറിലെ ദന്‍ഹട്ട എന്നിവിടങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ചില സ്ഥലങ്ങളില്‍ ബാലറ്റ് പെട്ടികള്‍ കുളങ്ങളിലിടുകയും ബാലറ്റ് പേപ്പറുകള്‍ കത്തിക്കുകയും ചെയ്തു.
ഭംഗറില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സി.പി.എല്‍.എല്‍.ഇ.ഇ ആരോപിച്ചു. സ്ഥാനാര്‍ഥികളായ മുഹമ്മദ് ഇന്‍താജുല്‍ ഇസ്്‌ലാം, സരീഫുല്‍ മല്ലിക് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില പ്രദേശങ്ങളില്‍ ആക്രമണം ഭയന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
38616 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ രാവില ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ആകെയുള്ള 58692 സീറ്റുകളില്‍ 20163 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചായത്തീരാജ് സംവിധാനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.
മുഖ്യ പ്രതിപക്ഷമാകാന്‍ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്ന തെരഞ്ഞെടുപ്പ് ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും നിലനില്‍പിനായുള്ള പോരാട്ടമാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വ്യാപകമായ അതിക്രമങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.