ന്യൂദൽഹി - കോൺഗ്രസ് നേതാവ് സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനം ഷിംലയിൽ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച പി.സി.സി അധ്യക്ഷയും എം.പിയുമായ പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്നും വിവരമുണ്ട്.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. അതേസമയം, ഹൈക്കമാൻഡ് നീക്കമറിഞ്ഞ് പ്രതിഭാ സിംഗിനെ അനുകൂലിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നും നാലാം തവണയും വിജയക്കൊടി പാറിച്ചാണ് സുഖ്‌വിന്ദർ സിംഗ് സുഖു സഭയിലെത്തിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതിയുടെ തലവനായി മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ചവെച്ചത്.