മലപ്പുറം - മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല, ജനാധിപത്യ പാർട്ടിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കൾ. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് സി.പി.എമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം.വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്കേണ്ടെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഏകീകൃത സിവിൽകോഡിൽ കോണ്ഗ്രസ് ശ്രദ്ധിക്കണം. വഹാബിന്റെ രാജ്യസഭയിലെ വിമർശം പോസിറ്റീവായി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും വർഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം.വി ഗോവിന്ദൻ മാസ്റ്റർ ഇന്നലെ പറഞ്ഞത്. ഇത് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായും സി.പി.എം ചൂണ്ടയായും വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ കരുതലോടെയുള്ള പ്രതികരണം.