മലപ്പുറം- എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികളില്ലെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, മൊയ്തീന്‍കുട്ടിക്കൊപ്പം സിനിമ കാണാനെത്തിയ കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് പീഡനവുമായി ബന്ധമില്ലെന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് മനസ്സിലായത്. അന്വേഷണം തുടരുകയാണ്.
മഞ്ചേരി ജയിലില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിനും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിനുമായി പ്രതികളെ അടുത്ത ദിവസം തന്നെ വിട്ടുകിട്ടുമെന്നാണ് പോലീസ് കരുതുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതരും പോലീസും തമ്മിലുള്ള തര്‍ക്കം ശക്തമായിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ പോക്്‌സോ നിയമത്തിലെ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന് മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്നതിനുള്ള വകുപ്പുകള്‍ ഒഴിവാക്കി പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നതായാണ് ആരോപണം. അതേസമയം, ബാലിക പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ പേരില്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്.
കേസ് കൈകാര്യം ചെയ്യുന്നതില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
അന്വേഷണത്തില്‍ കണ്ടെത്തുന്ന വസ്തുതകള്‍ അനുസരിച്ചേ അത്തരം കാര്യങ്ങള്‍ ചെയ്യാനാകൂ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട്പരേഡുമായി ബന്ധപ്പെട്ടു എത്തിയതായിരുന്നു ഡി.ജി.പി.