എടപ്പാള്‍- തിയേറ്റര്‍ സംഭവത്തില്‍ പിടിയിലായ മൊയ്തീന്‍ കുട്ടി നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. മാതാവിന്റെ ഒത്താശയോടെ അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു പീഡനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളിലെ തിയേറ്ററില്‍വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കാങ്കുന്നത്ത് മെയ്തീന്‍കുട്ടിയെ അറസ്റ്റു ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണു കേസ്. പിന്നാലെ ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റിലായി. ഇരുവരെയും മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടി തിയേറ്ററിലെത്തിയ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിയേറ്ററില്‍ കൊണ്ടു പോയി തെളിവെടുക്കുന്നതിനായി ഇന്ന് കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞു.