Sorry, you need to enable JavaScript to visit this website.

മാങ്ങ പറിക്കല്‍ തര്‍ക്കം; മൂന്ന് സ്ത്രീകളെ വെട്ടിയ ഒന്നാം പ്രതി പിടിയില്‍

കായംകുളം- മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തി മൂന്ന് സ്ത്രീകളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയില്‍ ജയേഷ് (ബിജു- 40) ആണ് അറസ്റ്റിലായത്. 

കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത, അയല്‍വാസിയായ നീതു എന്നിവരെയാണ് ബിജു  വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. മാങ്ങ പറിക്കുന്നത് തര്‍ക്കമാവുകയും കഴിഞ്ഞ ഓണക്കാലത്ത് വീടിനു സമീപം പടക്കം പൊട്ടിച്ചതിലെ വൈരാഗ്യവുമാണ് ബിജുവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. 

ബിജുവിനെ കൂടാതെ മൂന്നുപേര്‍ കൂടി കേസിലെ പ്രതികളാണ്. മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ സംഘം  തര്‍ക്കത്തില്‍ മിനിയെയും സഹോദരി സ്മിതയെയും തടയാന്‍ ചെന്ന അയല്‍വാസി നീതുവിനെയും വാളുകൊണ്ട് വെട്ടുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കേസിലെ മൂന്നും നാലും പ്രതികളായ സജിത്ത്, ഉല്ലാസ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയെയാണ് ഇനി കിട്ടാനുള്ളത്.  ഡി. വൈ. എസ്. പി അലക്‌സ് ബേബി, എസ്. ഐ ഉദയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
 

Latest News