ലണ്ടന്‍- അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ സ്തനം പൂര്‍ണമായി നീക്കം ചെയ്യാതെ ചെറിയ ശസ്ത്രക്രിയകള്‍ കൊണ്ട് പരിഹാരം കാണാമെന്ന് പുതിയ പഠനം. രണ്ടോ മൂന്നോ ബ്രെസ്റ്റ് ട്യൂമറുകളുള്ള പല സ്ത്രീകള്‍ക്കും അവരുടെ സ്തനങ്ങള്‍ മുഴുവനായി നീക്കം ചെയ്യുന്നതിനുപകരം ലംപെക്ടമി ശസ്ത്രക്രിയ മതിയാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
പുതിയ ഇമേജിംഗ് ടെക്‌നിക്കുകളുടെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒന്നിലധികം മുഴകളുള്ള കൂടുതല്‍ രോഗികളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. മറഞ്ഞിരിക്കുന്ന ചെറിയ കാന്‍സറുകള്‍ കൂടി വെളിപ്പെടുത്തുന്നതാണ് ഇമേജിംഗ് ടെക്‌നിക്ക്.
മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് മാസ്‌റ്റെക്ടമി ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇത് ഇപ്പോഴും തുടരുന്നുണ്ടോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. ഒരു സ്തനത്തില്‍ രണ്ടോ മൂന്നോ മുഴകളുള്ള 200 ഓളം സ്ത്രീകളെയാണ് പഠന വിധേയരാക്കിയത്. ഇവര്‍ക്ക് റേഡിയേഷനും ലംപെക്ടമിയും ഉണ്ടായിരുന്നു. രോഗികള്‍ 40 മുതല്‍ 87 വരെ പ്രായമുള്ളവരാണ്.
അഞ്ച് വര്‍ഷത്തിന് ശേഷം, ഒരു ട്യൂമര്‍ മാത്രമുള്ള രോഗികളില്‍ മുമ്പത്തെ ലംപെക്ടമി പഠനങ്ങളില്‍ നിന്നുള്ള നിരക്കിന് സമാനമായി, വെറും മൂന്ന് ശതമാനം കാന്‍സര്‍ മാത്രമാണ് തിരിച്ചെത്തിയത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ പിന്തുണയോടെയുള്ള പഠനം സാന്‍ അന്റോണിയോ ബ്രെസ്റ്റ് കാന്‍സര്‍ സിമ്പോസിയത്തിലാണ് ചര്‍ച്ച ചെയതത്. പുതിയ കണ്ടെത്തല്‍ വലിയ മുന്നേറ്റമാണെന്ന് ഫ്‌ലോറിഡ ടാമ്പയിലെ മോഫിറ്റ് കാന്‍സര്‍ സെന്ററിലെ സര്‍ജന്‍ ഡോ. ജോണ്‍ കിലുക്ക് പറഞ്ഞു.
രണ്ടോ മൂന്നോ ബ്രെസ്റ്റ് ട്യൂമറുകളുള്ള പല സ്ത്രീകള്‍ക്കും അവരുടെ സ്തനങ്ങള്‍ മുഴുവനായി നീക്കം ചെയ്യുന്നതിനുപകരം ലംപെക്ടമി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സ്തനാര്‍ബുദ പഠനം വ്യക്തമാക്കുന്നത്. ഇമേജിംഗ് ടെക്‌നിക്കുകള്‍ ചെറുതും മറഞ്ഞിരിക്കുന്നതുമായ കാന്‍സറുകള്‍ വെളിപ്പെടുത്തുന്നതിനാല്‍ പ്രധാന കണ്ടെത്തലാണെന്ന് വിദഗ്ധര്‍ പറയുന്നു.