Sorry, you need to enable JavaScript to visit this website.

വന്‍മതിലായി ക്രൊയേഷ്യന്‍ ഗോളി, ബ്രസീലിന്റെ സെമി നൂല്‍പാലത്തില്‍

ദോഹ -ലോകകപ്പിലെ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. വിരസമായ 45 മിനിറ്റില്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ ബ്രസീല്‍ അവസരങ്ങള്‍ സൃഷ്ടിച്ചപ്പോഴാവട്ടെ ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മികവിനു മുന്നില്‍ അവര്‍ക്കു മറുപടിയുണ്ടായില്ല. ആദ്യ പകുതിയില്‍ മികച്ച അവസരം തുറന്നെടുത്തത് ക്രൊയേഷ്യയായിരുന്നു. എന്നാല്‍ ഇവാന്‍ പെരിസിച്ചിന് അത് മുതലാക്കാനായില്ല. ക്രൊയേഷ്യ പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്നത് ഷൂട്ടൗട്ടിലാണ്. 
പ്രതീക്ഷിച്ചതില്‍നിന്ന് വിരുദ്ധമായി ക്രൊയേഷ്യന്‍ ആക്രമണങ്ങളോടെയാണ് കളിയാരംഭിച്ചത്. ലൂക്ക മോദ്‌റിച്ചും മാഴെസെലൊ ബ്രോസവിച്ചും ആന്ദ്രെ ക്രാമരിച്ചുമടങ്ങുന്ന അവരുടെ മധ്യനിര കളം ഭരിച്ചു. രണ്ടു തവണ അവര്‍ ഗോളിനടുത്തെത്തി. ബ്രസീലിന്റെ വണ്‍ ടച്ച് പാസിംഗ് ഗെയിമിനെ തടസ്സപ്പെടുത്താന്‍ ക്രൊയേഷ്യക്കു സാധിച്ചു.
ക്രമേണ ബ്രസീല്‍ കരുത്താര്‍ജിച്ചു. വലതു വിംഗില്‍ വിനിസിയൂസ് ജൂനിയര്‍ എതിര്‍ ബോക്‌സില്‍ ആശങ്ക പടര്‍ത്തി. എങ്കിലും ഫോമിലേക്കുയരാന്‍ ബ്രസീലിനായില്ല. പലപ്പോഴും കളി പരുക്കനായി. നിരന്തര ഫ്രീകിക്കുകള്‍ കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. 
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കളിക്ക് ചൂടുപിടിച്ചില്ല. നെയ്മാറും വിനിസിയൂസും ലുക്കാസ പക്വെറ്റയും സൃഷ്ടിച്ച അവസരങ്ങള്‍ ക്രൊയേഷ്യയുടെ ജോസിപ് യുറാനോവിച്ചും ജോസ്‌കൊ ഗ്വാര്‍ദിയോളും തടഞ്ഞു. ഗോള്‍വലക്കു മുന്നില്‍ ഡൊമിനിക് ലിവാകോവിച് വന്‍മതിലായി നിന്നു. പക്വെറ്റയുടെയും നെയ്മാറിന്റെയും ഗോളെന്നുറച്ച ഷോട്ടുകള്‍ ലിവാകോവിച് തടുത്തു. റഫിഞ്ഞയെയും വിനിസിയൂസിനെയും പിന്‍വലിച്ച് ആന്റണിയെയും റോഡ്രിഗോയെയും ബ്രസീല്‍ കളത്തിലിറക്കിയെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഉറച്ചുനിന്നു. നിശ്ചിത സമയം തീരാറായതോടെ റിച്ചാര്‍ലിസനെ പിന്‍വലിച്ച് പെഡ്രോയെ ഇറക്കി. 
 

Latest News